ജിദ്ദ: (gccnews.in) മക്കയിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. 270,000 ചതുരശ്ര മീറ്റർ ഭൂമിയാണ് അധികൃതർ ഈ വർഷം ജൂൺ വരെ നീണ്ടു നിന്ന ഈ നടപടിയിലൂടെ തിരിച്ചുപിടിച്ചത്.
നിയമവിരുദ്ധമായി കയ്യേറിയിരുന്ന ഭൂമിയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം വിവിധ സുരക്ഷാ ഏജൻസികളുടെ സഹായത്തോടെയാണ് കയ്യേറ്റങ്ങൾ നീക്കം ചെയ്തത്.
കയ്യേറ്റങ്ങളിൽ 118,000 ചതുരശ്ര മീറ്റർ അനധികൃത ഫാമുകളും, 39,500 ചതുരശ്ര മീറ്റർ കല്ലുകെട്ടിയുണ്ടാക്കിയ നിർമിതികളും, 5,300 ചതുരശ്ര മീറ്റർ സിമന്‍റ് ഭിത്തികളും ഉൾപ്പെടുന്നു.
ഇത്തരം നിയമലംഘനങ്ങൾ തടയാനും നഗര ആസൂത്രണം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പരിശോധനകൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാൻ അനുമതി വാങ്ങുക, അയൽവാസികളുടെ സമ്മതപത്രം സമ്പാദിക്കുക തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഫീൽഡ് ടീമുകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് ഇളവ് നൽകില്ലെന്നും സർക്കാർ അറിയിച്ചു.
#government #cleared #illegalencroachments #Makkah