ഷാർജ: (gccnews.in) കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും കാരണം ആശുപത്രിയിൽ എത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ.
13 എണ്ണം എൻഡോസ്കോപ്പി വഴിയും അതിലൂടെ സാധിക്കാതിരുന്ന മൂന്ന് കാന്തങ്ങൾ ശസ്ത്രക്രിയയിലൂടെയുമാണ് പുറത്തെടുത്തത്.
ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു സംഭവം. ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.
കുട്ടിയുടെ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മൂന്ന് ദിവസമായി ശരിക്ക് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശ്വാസതടസം അനുഭവപ്പെടുന്നു എന്നും പറഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുവന്നത്.
രണ്ട് ദിവസമായി മലവിസർജനവും നടന്നിരുന്നില്ല. വയറിലെ ശബ്ദങ്ങൾ ഡോക്ടർമാർ നിരീക്ഷിച്ചപ്പോൾ തന്നെ കുടലിന്റെ പ്രവർത്തനം ശരിയായ നിലയിലല്ലെന്ന് മനസിലായി.
കുട്ടി അസ്വസ്ഥതകളും പ്രകടിപ്പിച്ചു. എക്സ്റേ എടുത്തപ്പോഴാണ് കാന്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
എല്ലാം കൂടി ഒട്ടിപിടിച്ച നിലയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കുട്ടിയുടെ രക്ത, മൂത്ര പരിശോധനാ ഫലങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല.
ആശുപത്രിയിൽ എത്തിക്കുന്നതിന് നാല് ദിവസം മുമ്പെങ്കിലും കുട്ടി കാന്തം വിഴുങ്ങിയിട്ടുണ്ടാവെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആകർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി ഓരോന്നായി പുറത്തെടുക്കുന്നത് ശ്രമകരമായിരുന്നു.
എന്നാൽ ഏറെ നേരത്തെ പരിശ്രമത്തിലൂടെ ഡോക്ടർമാർ അതിൽ വിജയിച്ചു. 13 എണ്ണം ഓരോന്നായി പുറത്തെടുത്തു.
നാല് കാന്തങ്ങൾ ഒട്ടിച്ചേർന്ന നിലയിൽ ചെറുകുടലിന്റെ അവസാന ഭാഗത്തായാണ് കിടന്നിരുന്നത്. ഇത് എൻഡോസ്കോപ്പിയിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല.
കൊളണോസ്കോപ്പി പരീക്ഷിച്ചെങ്കിലും അതും വിജയിച്ചില്ല. തുടർന്നാണ് ഡോക്ടർമാർ ശസ്ക്രക്രിയ എന്ന തീരുമാനത്തിലെത്തിയത്.
പിന്നീട് അടിന്തിര ശസ്ത്രക്രിയ നടത്തി നാല് കാന്തങ്ങൾ കൂടി പുറത്തെടുക്കുകയായിരുന്നു. കാന്തിക ബലത്തെ കൂടി അതിജീവിക്കേണ്ടതുണ്ടായിരുന്നതിനാൽ സങ്കീർണമായിരുന്നു നടപടികളെന്ന് ഡോക്ടർമാർ പറഞ്ഞു.
ശ്രമകരമായി ഒരെണ്ണം വേർപ്പെടുത്തി എടുക്കുമ്പോൾ അവ വീണ്ടും പോയി ഒട്ടിച്ചേർന്നിരുന്ന അവസ്ഥയുണ്ടായി.
ഏറെ നേരം കാന്തങ്ങൾ കുടൽ ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്നതിനാൽ അവിടെ പരിക്ക് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ സമയമെടുത്തുള്ള പ്രക്രിയയിൽ കാന്തം പൂർണമായി എടുത്തു മാറ്റാൻ കഴിഞ്ഞുവെന്ന് ഡോക്ടർമാർ പറഞ്ഞു.
#two #year #old #child #short #breath #unable #feed #magnets #found #inside