അബുദാബി : (gccnews.in ) നബിദിനം പ്രമാണിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരുന്നു. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൂന്ന് ദിവസമാണ് ആകെ അവധി ലഭിക്കുക. ഇതോട് അനുബന്ധിച്ച് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. നബിദിന അവധിയായ സെപ്തംബര്‍ 29നാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്.
പൊതു അവധിയായ വെളളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെ സര്‍ഫസ് പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐറ്റിസി) അറിയിച്ചു. ഔദ്യോഗിക അവധി ദിവസം മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടിലെ പാര്‍ക്കിങും സൗജന്യമായിരിക്കും.
നിരോധിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐറ്റിസി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
അനുവദിക്കപ്പെട്ട സ്ഥലത്ത് ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യണമെന്നും റെസിഡന്‍ഷ്യല്‍ സ്‌പേസുകളില്‍ രാത്രി 9നും രാവിലെ എട്ടിനും ഇടയില്‍ പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ടോള്‍ ഗേറ്റ് സംവിധാനവും വെള്ളിയാഴ്ച സൗജന്യമായിരിക്കും. സാധാരണ ദിവസങ്ങളിലെ തിരക്കേറിയ സമയമായ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും മാത്രമാണ് അബുദാബിയിൽ ടോൾ ഈടാക്കുക.
#UAE #Prophet #UAE #announces #free #parking