കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ ഒരു സ്കൂളിന് തീപിടിച്ചു. ഫർവാനിയ ഗവർണറേറ്റിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലാണ് തീപിടുത്തമുണ്ടായത്.
സംഭവസ്ഥലത്ത് നിന്നും കുട്ടികളെയും സ്കൂൾ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുരക്ഷാ അധികൃതരെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിൽ ആർക്കും പൊള്ളലേൽക്കുകയോ മറ്റ് പരിക്കുകൾ സംഭവിച്ചതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടുത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി കെട്ടിടം ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സ്കൂളിന്റെ മുകളിലത്തെ നിലയിൽ വെയർഹൗസായി ഉപയോഗിച്ചിരുന്ന ഒരു മുറിക്കുള്ളിൽ നിന്നുമാണ് തീ പടർന്നതെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സ്കൂൾ കെട്ടിടത്തിൽ നിന്നും വലിയ രീതിയിൽ പുക ഉയർന്നിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
#school #caught #fire #Kuwait.