അബുദബി: (gccnews.in) ബംഗ്ലാദേശ് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാൻ നിർദേശം നൽകി ധാക്കിയിലുള്ള യുഎഇ എംബസ്സി.
കലാപങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കരുതെന്നും തിരക്കേറിയ പ്രദേശങ്ങളിൽ പോകരുതെന്നും യുഎഇ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശിലുള്ള യുഎഇ പൗരന്മാർക്ക് 0097100044444 എന്ന ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വിദേശത്തുള്ള പൗരന്മാർക്ക് കോൺസുലർ സേവനം ലഭിക്കുന്നതിനായുള്ള 'ത്വാദി' (Twajudi) എന്ന സേവനത്തിൽ രജിസ്റ്റർ ചെയ്യാൻ യുഎഇ പൗരന്മാർക്ക് വിദേശ കാര്യ മന്ത്രാലയം നിർദേശം നൽകി.
ബംഗ്ലാദേശി മിഷനുകൾ തിങ്കളാഴ്ച യുഎഇയിലുള്ള സഹപൗരന്മാരോട് അങ്ങേയറ്റം സംയമനം പാലിക്കണമെന്നും പ്രാദേശിക നിയമങ്ങൾ പാലിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
'യുഎഇയിൽ താമസിക്കുന്ന എല്ലാ പ്രവാസി ബംഗ്ലാദേശികളോടും അങ്ങേയറ്റം സംയമനം പാലിക്കാനും സമാധാനപരമായും യോജിപ്പോടെയും സഹവർത്തിത്വത്തോടെ ജീവിക്കാനും ആതിഥേയ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും പ്രത്യേകം അഭ്യർത്ഥിക്കുന്നു' ബംഗ്ലാദേശി മിഷനുകൾ ഖലീജ് ടൈംസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.
ആഗസ്റ്റ് അഞ്ചാം തീയതി ബംഗ്ലാദേശിൽ ഭരണ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീന രാജിവെച്ചു.
രാജിയ്ക്ക് ശേഷം ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ്. യൂറോപ്പിൽ അഭയം തേടാനായിരുന്നു ഹസീനയുടെ നീക്കം.
എന്നാൽ ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ യുകെ തയ്യാറല്ലെന്നാണ് സൂചന. അഭയം ലഭിക്കുന്നതുവരെ ഹസീന ഇന്ത്യയിൽ തുടരും. നിലവിൽ ഇന്ത്യയിൽ തുടരുന്ന ഹസീന സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ സഹായം തേടിയേക്കുമെന്നും സൂചനയുണ്ട്.
സഹോദരി രെഹാനയ്ക്ക് ഒപ്പം തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഗാസിയാബാദിലെത്തിയത്. യുകെ പൗരത്വമുള്ള രെഹാനയുടെ മകൾ തുലിപ് സിദ്ദിഖ് അവിടെ ലേബർ പാർട്ടി എംപിയാണ്.
ബംഗ്ലാദേശിന്റെ സൈനികവിമാനത്തിൽ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ടെത്തി പൂർണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി സ്ഥാനം രാജി വെയ്ക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സർക്കാരിനെ താഴെയിറക്കാൻ ഗൂഢാലോചന നടന്നുണ്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.
ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നും ഒരു പുതിയ ക്രിസ്ത്യൻ രാജ്യം പടുത്തുയർത്താൻ വെള്ളക്കാർ ശ്രമം നടത്തുന്നു.
തൻറെ പിതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.
#Bangladesh #Uprising #UAE #Embassy #instructed #citizens #UAE #return #country