ദുബൈ : വയറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 43 വയസുകാരനായ പ്രതി കൊക്കെയ്ന്‍ ക്യാപ്സ്യൂളുകളാണ് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
സംശയകരമായ പെരുമാറ്റം കണ്ടാണ് ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞത്. നിരോധിത വസ്തുക്കള്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചെങ്കിലും ഇയാള്‍ നിഷേധിച്ചു.
എന്നാല്‍ പ്രത്യേക ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഗുളികകളുണ്ടെന്ന് കണ്ടെത്തുകയായിരിരുന്നു. ഇതോടെ താന്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വയറിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിന് 1000 ഡോളര്‍ പ്രതിഫലം ലഭിച്ചതായും ഇയാള്‍ സമ്മതിച്ചു.
കസ്റ്റംസ് ഓഫീസര്‍മാര്‍ പ്രതിയെ ദുബൈയിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ നര്‍ക്കോട്ടിക് കണ്ട്രോളിന് കൈമാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് ലഹരിഗുളികകള്‍ പുറത്തെടുത്തത്.
പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തപ്പോഴും പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
Dubai sentences foreigner for smuggling cocaine