---
title: "സുന്ദരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ ചതി; ഫോട്ടോ ഫിൽറ്ററുകൾ വഴിയുള്ള തട്ടിപ്പിനെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്"
english_title: "Sharjah Police Warn of Photo Filter Scam Targeting Private Images"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393657/sharjah-police-photo-filter-scam"
published_at: "2026-11-29T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b8ea08facb_sharjah-police-photo-filter-scam.jpg"
keywords: ["SharjahPolice", "PhotoScam", "CyberFraud", "SocialMediaSafety", "DigitalPrivacy"]
---

# സുന്ദരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ ചതി; ഫോട്ടോ ഫിൽറ്ററുകൾ വഴിയുള്ള തട്ടിപ്പിനെതിരെ ഷാർജ പൊലീസിന്റെ മുന്നറിയിപ്പ്

> **Lead Summary:** ഷാർജ: ഫോട്ടോ ഫിൽറ്ററുകൾ വഴി സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ചോർത്തി പണം തട്ടുന്നതായി ഷാർജ പൊലീസ് മുന്നറിയിപ്പ്. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനു പിന്നാലെ, അവ തിരിച്ചുനൽകാമെന്നും അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്.

## Article Content

ഷാർജ: ഫോട്ടോ ഫിൽറ്ററുകൾ വഴി സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും ചോർത്തി പണം തട്ടുന്നതായി ഷാർജ പൊലീസ് മുന്നറിയിപ്പ്. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനു പിന്നാലെ, അവ തിരിച്ചുനൽകാമെന്നും അക്കൗണ്ട് സുരക്ഷിതമാക്കാമെന്നും പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളെയും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരെയും ലക്ഷ്യമിട്ട രാജ്യാന്തര സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

നിയമാനുസൃത ഓൺലൈൻ വ്യാപാര സ്ഥാപനമെന്ന വ്യാജേന പ്രവർത്തിച്ച സംഘം, സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ, കൂടുതൽ ഫോളോവേഴ്സ്, ഹാക്കിങ് തടയാനുള്ള സുരക്ഷ എന്നിവ വാഗ്ദാനം ചെയ്തിരുന്നു.

വിശ്വാസ്യത നേടാൻ ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരുകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തു. ഫോട്ടോ എഡിറ്റിങ് ആപ്പുകളിലെ ചില ഫിൽറ്ററുകൾ വഴി ഉപയോക്താക്കളുടെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും സംഘം നിയന്ത്രിക്കുന്ന സെർവറുകളിലേക്ക് എത്തിയിരുന്നു.

പിന്നീട് വിദേശ നമ്പറുകളിൽനിന്ന് വിളിച്ച് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടത് സ്ത്രീകളെയാണെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പിനെക്കുറിച്ച് ലഭിച്ച പരാതിയിലാണ് ഷാർജ പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിജിറ്റൽ തെളിവുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹകരണം എന്നിവ ഉപയോഗിച്ചാണ് രാജ്യാന്തര തട്ടിപ്പ് ശൃംഖലയെ കണ്ടെത്തിയത്.

തട്ടിപ്പിന് ഇരയായവരെ കുറ്റപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യരുതെന്നും നാണക്കേടും കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഭയവും കാരണം പലരും പരാതി നൽകാൻ മടിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി. 

Sharjah Police have warned of a scam in which photo filters are used to steal private images and personal data for extortion. The scheme targeted social media users, especially women, by posing as a legitimate online service and threatening to leak photos unless money was paid.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393657/sharjah-police-photo-filter-scam)