---
title: "യു.എ.ഇ ഇവന്റ് വിസ: 30 മുതൽ 60 ദിവസം വരെ രാജ്യത്ത് തങ്ങാം; വിശദാംശങ്ങൾ പുറത്തുവിട്ട് ജി.ഡി.ആർ.എഫ്.എ"
english_title: "UAE Event Visa: Stay Up to 60 Days; GDRFA Releases Details"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393251/uae-event-visa-stay-up-to-60-days"
published_at: "2026-11-26T10:14:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07b9b86d161_WhatsApp_Image_2026-11-26_at_10.04.57_AM.jpeg"
keywords: ["UAEEventVisa", "GDRFA", "DubaiEvents", "TourismVisa", "EventTravel"]
---

# യു.എ.ഇ ഇവന്റ് വിസ: 30 മുതൽ 60 ദിവസം വരെ രാജ്യത്ത് തങ്ങാം; വിശദാംശങ്ങൾ പുറത്തുവിട്ട് ജി.ഡി.ആർ.എഫ്.എ

> **Lead Summary:** ****ദുബൈ: യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, കായിക-സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ എത്തുന്നവർക്കുള്ള 'ഇവന്റ് വിസ'യുടെ വിശദാംശങ്ങൾ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പുറത്തുവിട്ടു. വിദേശ സന്ദർശകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ജി.ഡി.ആർ.എഫ്.എ നടപ്പിലാക്കുന്ന 'യുവർ വേ ടു ദുബൈ' ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

## Article Content

****ദുബൈ: യു.എ.ഇയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മേളകൾ, കായിക-സാംസ്കാരിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ എത്തുന്നവർക്കുള്ള 'ഇവന്റ് വിസ'യുടെ വിശദാംശങ്ങൾ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് പുറത്തുവിട്ടു. വിദേശ സന്ദർശകർക്ക് ബോധവൽക്കരണം നൽകുന്നതിനായി ജി.ഡി.ആർ.എഫ്.എ നടപ്പിലാക്കുന്ന 'യുവർ വേ ടു ദുബൈ' ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ വിവരങ്ങൾ പങ്കുവെച്ചത്.

അപേക്ഷകരുടെ സൗകര്യാർത്ഥം 30 ദിവസത്തേക്കോ 60 ദിവസത്തേക്കോ ഉള്ള ഇവന്റ് വിസകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാവുന്ന 'സിംഗിൾ എൻട്രി' വിസയായും, കാലാവധിക്കുള്ളിൽ പലതവണ വന്നുപോകാൻ സാധിക്കുന്ന 'മൾട്ടിപ്പിൾ എൻട്രി' വിസയായും ഇത് ലഭ്യമാണ്. കൂടാതെ, പരിപാടികൾ നീണ്ടുപോകുകയോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾ വരികയോ ചെയ്താൽ അധികൃതരുടെ പ്രത്യേക അനുമതിയോടെ പരമാവധി 120 ദിവസം വരെ ഈ വിസയുടെ കാലാവധി നീട്ടിയെടുക്കാനും സാധിക്കും.

യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളോ അംഗീകൃത സ്വകാര്യ ഏജൻസികളോ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഔദ്യോഗികമായി പങ്കെടുക്കുന്നവർക്കാണ് ഈ വിസ അനുവദിക്കുന്നത്. അന്താരാഷ്ട്ര പ്രതിനിധികൾ, പ്രഭാഷകർ, എക്സിബിറ്റർമാർ, കലാകാരന്മാർ, കായികതാരങ്ങൾ, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ എന്നിവർക്ക് ഈ വിസ പ്രയോജനപ്പെടുത്താം.

വ്യക്തികൾക്ക് നേരിട്ട് ഈ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. പരിപാടി സംഘടിപ്പിക്കുന്ന അംഗീകൃത സ്ഥാപനങ്ങളോ ഏജൻസികളോ ആണ് പങ്കെടുക്കുന്നവർക്ക് വേണ്ടി സ്പോൺസർമാരായി വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പരിപാടികൾ കാണാൻ മാത്രമായി എത്തുന്ന സാധാരണ സന്ദർശകർ ടൂറിസ്റ്റ് വിസയാണ് എടുക്കേണ്ടത്.

കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ, പരിപാടിയുടെ വിശദാംശങ്ങളും കാലാവധിയും വ്യക്തമാക്കുന്ന സംഘാടകരുടെ ഔദ്യോഗിക ക്ഷണക്കത്ത് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസ്സ്, കായിക, വിനോദ പരിപാടികൾക്ക് യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, വിദേശത്ത് നിന്നുള്ള പങ്കാളികളുടെ യാത്രയും താമസവും കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിസ സംവിധാനം കാര്യക്ഷമമാക്കിയിരിക്കുന്നത്.

The UAE’s General Directorate of Residency and Foreigners Affairs has announced details of the event visa for visitors attending conferences, exhibitions, fairs, and sports or cultural events in Dubai. The visa is available for 30 or 60 days, with single-entry and multiple-entry options, and can be extended up to 120 days with special approval.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393251/uae-event-visa-stay-up-to-60-days)