---
title: "'വിവാഹിതയാണെന്ന് അറിഞ്ഞിട്ടും വിട്ടില്ല; വാട്സാപ്പിൽ പ്രണയാഭ്യർഥന, മകളെയും വിളിച്ച് ശല്യം'; ഒടുവിൽ 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി"
english_title: "Despite Knowing She Was Married, He Kept Harassing Her; Ordered to Pay Dh50,000"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391595/married-woman-harassment-dh50000-compensation"
published_at: "2026-11-14T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af80b749ed23_married-woman-harassment-dh50000-compensation.jpg"
keywords: ["AbuDhabiCourt", "HarassmentCase", "CompensationRuling", "WhatsAppAbuse", "UAEJustice"]
---

# 'വിവാഹിതയാണെന്ന് അറിഞ്ഞിട്ടും വിട്ടില്ല; വാട്സാപ്പിൽ പ്രണയാഭ്യർഥന, മകളെയും വിളിച്ച് ശല്യം'; ഒടുവിൽ 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി

> **Lead Summary:** അബൂദബി: വിവാഹിതയായ സ്ത്രീയെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടര്‍ന്ന് ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതി 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു.

## Article Content

അബൂദബി: വിവാഹിതയായ സ്ത്രീയെ നിരന്തരം ശല്യം ചെയ്യുകയും പിന്തുടര്‍ന്ന് ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതി 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു.

സ്ത്രീയുടെ പരാതിയില്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് 1,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിവില്‍ കോടതിയുടെ പുതിയ ഉത്തരവ്. വാട്സാപ്പിലൂടെ പ്രണയാഭ്യർഥനകള്‍ അയക്കുക, ഫോണില്‍ നിരന്തരം വിളിക്കുക, വീട്ടിലും ജോലിസ്ഥലത്തും എത്തി ശല്യം ചെയ്യുക, സ്ത്രീയുടെ മകളെപ്പോലും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതി ചെയ്തത്.

ഇത് കുടുംബത്തിന്‍റെ ഭദ്രതയെ ബാധിക്കുകയും കുടുംബജീവിതം തകര്‍ച്ചയുടെ വക്കോളമെത്തിക്കുകയും ചെയ്തിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു പ്രതിയുടെ അതിക്രമങ്ങള്‍.

തനിക്ക് ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ടെന്ന് അറിയാമായിരുന്നിട്ടും പ്രതി നിരന്തരം ശല്യം തുടര്‍ന്നുവെന്നും ഇത് സമൂഹത്തിന് മുന്നില്‍ തന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടി യുവതി 1,00,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നിയമപരമായ ഉത്തരവാദിത്തവും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

An Abu Dhabi court has ordered a man to pay Dh50,000 in compensation for repeatedly harassing and stalking a married woman. The abuse included WhatsApp love messages, persistent phone calls, visits to her home and workplace, and calls to her daughter; a criminal court had earlier fined him Dh1,000.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391595/married-woman-harassment-dh50000-compensation)