---
title: "ഫുജൈറ വാഹനാപകടം: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന മുന്നറിയിപ്പ്"
english_title: "Fujairah Crash: Interior Ministry Warns Against Spreading Rumors"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391395/fujairah-crash-interior-ministry-warning"
published_at: "2026-11-13T07:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6709619b52_fujairah-crash-interior-ministry-warning.jpg"
keywords: ["FujairahCrash", "UAEInteriorMinistry", "RoadAccident", "IndianConsulate", "TrafficSafety"]
---

# ഫുജൈറ വാഹനാപകടം: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന മുന്നറിയിപ്പ്

> **Lead Summary:** അബൂദബി: ഫുജൈറയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

## Article Content

അബൂദബി: ഫുജൈറയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

അർധരാത്രിയിലുണ്ടായ അപകടത്തിലെ മരണസംഖ്യ, പരിക്കേറ്റവരുടെ എണ്ണം, അപകടത്തിൽപ്പെട്ടവരുടെ പൗരത്വം എന്നിവയെക്കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്ന് ഫുജൈറ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെറ്റിധരിപ്പിക്കുന്ന വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി. അപകടത്തിന്‍റെ സാഹചര്യങ്ങൾ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്​. വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

18 വാഹനങ്ങളും അഞ്ചു ട്രക്കുകളുമടക്കം 23 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ മരിച്ചത്​ 14 പേരാണെന്ന്​ യു.എ.ഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്​. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരിൽ യു.എ.ഇ സ്വദേശികളും ഉൾപ്പെടുന്നുവെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

മറ്റു മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ പരിശോധനകൾ നടന്നുവരികയാണ്​. പരിക്കേറ്റവരിൽ യു.എ.ഇ, ഒമാൻ, ഇന്ത്യ, ബ്രസീൽ, പാകിസ്ഥാൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ഉള്ളത്. പരിക്കേറ്റ 30 പേരിൽ 15 പേർ പ്രാഥമിക ചികിത്സക്ക്​ ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, അപകടത്തിൽ ഇന്ത്യൻ പൗരന്മാരുൾപ്പെടെ നിരവധി പേർ മരിച്ചതിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുന്നതിനായി പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോൺസുലേറ്റ് വ്യാഴാഴ്ച ഉച്ചക്ക്​ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ദുഃഖാർത്തരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

The UAE Interior Ministry has urged the public not to spread unverified reports about the Fujairah road accident and to rely only on official sources. Authorities confirmed 14 deaths and 30 injuries in the 23-vehicle pileup, while the Indian Consulate in Dubai said it is coordinating support for affected families.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391395/fujairah-crash-interior-ministry-warning)