---
title: "ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; ജീവനക്കാരെ തോന്നിയപോലെ ശിക്ഷിക്കാനാവില്ല, പിഴയ്ക്കും അച്ചടക്ക നടപടികൾക്കും കർശന നിയന്ത്രണം"
english_title: "Oman Sets Deadlines for Disciplinary Action Against Workers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390947/oman-labour-discipline-deadlines"
published_at: "2026-11-10T07:44:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af27ea1531c2_oman-labour-discipline-deadlines.jpg"
keywords: ["OmanLabour", "WorkerRights", "DisciplinaryAction", "MigrantWorkers", "LabourLaw"]
---

# ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; ജീവനക്കാരെ തോന്നിയപോലെ ശിക്ഷിക്കാനാവില്ല, പിഴയ്ക്കും അച്ചടക്ക നടപടികൾക്കും കർശന നിയന്ത്രണം

> **Lead Summary:** ഒമാൻ: തൊഴിൽസ്ഥലത്തെ നിയമലംഘനങ്ങളുടെ പേരിൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം.

## Article Content

ഒമാൻ: തൊഴിൽസ്ഥലത്തെ നിയമലംഘനങ്ങളുടെ പേരിൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വ്യക്തമായ സമയപരിധി നിശ്ചയിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം.

റോയൽ ഡിക്രി 53/2023 പ്രകാരമുള്ള പുതിയ തൊഴിൽനിയമത്തിലെ 64-ആം വകുപ്പിലാണ് ഇത് സംബന്ധിച്ച നിർണായക വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിലെ നടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം, ഒരു നിയമലംഘനം തൊഴിലുടമയുടെ ശ്രദ്ധയിൽപ്പെട്ട് 30 ദിവസത്തിനുള്ളിൽ നടപടികൾ ആരംഭിച്ചില്ലെങ്കിൽ പിന്നീട് ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കഴിയില്ല. കൂടാതെ, കുറ്റം തെളിയിക്കപ്പെട്ട തീയതി മുതൽ 60 ദിവസത്തിനുള്ളിൽ ശിക്ഷാനടപടികൾ പൂർത്തിയാക്കുകയും വേണം.

അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുൻപായി ആരോപണവിധേയനായ ജീവനക്കാരന് അതിനെക്കുറിച്ച് രേഖാമൂലം മുന്നറിയിപ്പ് നൽകുകയും വ്യക്തമായ വിശദീകരണം നൽകാൻ അവസരം ഉറപ്പാക്കുകയും വേണം.

അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളും ജീവനക്കാരൻ നൽകുന്ന വിശദീകരണങ്ങളും കൃത്യമായി റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതുണ്ട്. തൊഴിലുടമയ്ക്കോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അന്വേഷണം നടത്താം.

എന്നാൽ, അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ ആരോപണവിധേയനായ ജീവനക്കാരന്റെ തസ്തികയേക്കാൾ താഴ്ന്ന പദവിയിലുള്ള ആളാകരുത്. സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ അച്ചടക്ക നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും നിയമത്തിൽ എടുത്തുപറയുന്നു.

ജീവനക്കാർക്ക് ചുമത്തുന്ന സാമ്പത്തിക ശിക്ഷകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ ഭാഗമായി ചുമത്തുന്ന പിഴ ഒരു മാസത്തിൽ അഞ്ച് ദിവസത്തെ അടിസ്ഥാന വേതനത്തിൽ കവിയാൻ പാടില്ല. അതുപോലെ തന്നെ ശിക്ഷയുടെ ഭാഗമായി വേതനം തടഞ്ഞുവെച്ചുള്ള സസ്പെൻഷൻ കാലയളവും അഞ്ച് ദിവസത്തിൽ കൂടരുത്.

തൊഴിൽ അന്തരീക്ഷം കൂടുതൽ സുതാര്യമാക്കാനും ജീവനക്കാരെ അനാവശ്യ നടപടികളിൽ നിന്ന് സംരക്ഷിക്കാനും ഈ സുപ്രധാന തീരുമാനങ്ങൾ ഉപകരിക്കും.

Oman’s Labour Ministry has set clear deadlines for employers to initiate and complete disciplinary action against workers accused of workplace violations. The new rules also require written notice, a fair hearing, and limits on fines and suspension periods.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390947/oman-labour-discipline-deadlines)