---
title: "ജോലിയും വിശ്രമവും ഇനി ഒരുമിച്ച്; ദുബായ് മുനിസിപ്പാലിറ്റിയുടെ 'വർക്ക് ഫ്രം പാർക്ക്' തുറന്നു"
english_title: "Work and Relax Together: Dubai Launches ‘Work From Park’"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389976/dubai-work-from-park-launch"
published_at: "2026-11-03T07:19:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae93e788737b_dubai-work-from-park-launch.jpg"
keywords: ["DubaiMunicipality", "Letswork", "CoworkingSpace", "WorkLifeBalance", "DubaiPark"]
---

# ജോലിയും വിശ്രമവും ഇനി ഒരുമിച്ച്; ദുബായ് മുനിസിപ്പാലിറ്റിയുടെ 'വർക്ക് ഫ്രം പാർക്ക്' തുറന്നു

> **Lead Summary:** ദുബൈ: ദുബൈയിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' അൽ ബർഷ പോണ്ട് പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസ് അല്ലെങ്കിൽ വീട്ടന്തരീക്ഷത്തിൽ നിന്ന് മാറി പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ദുബൈ മുനിസിപ്പാലിറ്റിയും ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസ് പ്ലാറ്റ്‌ഫോമായ 'ലെറ്റ്‌സ്‌വർക്കും' ചേർന്ന് ഈ സംരംഭം യാഥാർത്ഥ്യമാക്കിയത്.

## Article Content

ദുബൈ: ദുബൈയിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' അൽ ബർഷ പോണ്ട് പാർക്കിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസ് അല്ലെങ്കിൽ വീട്ടന്തരീക്ഷത്തിൽ നിന്ന് മാറി പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ദുബൈ മുനിസിപ്പാലിറ്റിയും ഫ്ലെക്സിബിൾ വർക്ക്‌സ്‌പേസ് പ്ലാറ്റ്‌ഫോമായ 'ലെറ്റ്‌സ്‌വർക്കും' ചേർന്ന് ഈ സംരംഭം യാഥാർത്ഥ്യമാക്കിയത്.

അൽ ബർഷ പോണ്ട് പാർക്കിലെ മേൽക്കൂരകളിലും കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന ഔട്ട്‌ഡോർ ഡെസ്കുകൾ പൊതുജനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം.

ഈ സൗജന്യ ഔട്ട്‌ഡോർ ഏരിയകളിൽ ജോലി ചെയ്യുന്നതിനായി മുൻകൂട്ടി ബുക്കിംഗ് നടത്തേണ്ട ആവശ്യമില്ല. പാർക്കിലെ പേർഗോളകളിലും കെട്ടിടങ്ങളുടെ റൂഫ് ടോപ്പുകളിലും ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.

തടസ്സമില്ലാത്ത ഇന്റർനെറ്റ് ഉപയോഗത്തിനായി സൗജന്യ വൈഫൈ (Wi-Fi), പവർ സോക്കറ്റുകൾ, യുഎസ്ബി ചാർജിംഗ് പോയിന്റുകൾ എന്നിവ ഔട്ട്‌ഡോർ ഭാഗങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂളിംഗ് സംവിധാനങ്ങളും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഫർണിച്ചറുകളും ഇവിടെ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ, കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ളവർക്കായി എയർകണ്ടീഷൻ ചെയ്ത ഇൻഡോർ വർക്ക്‌സ്‌പേസുകളും പാർക്കിൽ സജ്ജമാണ്. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ഇൻഡോർ കോ-വർക്കിംഗ് സ്‌പേസുകൾ ഒരു ദിവസത്തേക്ക് 50 ദിർഹം നിരക്കിൽ ഉപയോഗിക്കാം.

ഇതിൽ അൺലിമിറ്റഡ് കോഫിയും അതിവേഗ ഇന്റർനെറ്റും ലഭിക്കും. ഔദ്യോഗിക മീറ്റിംഗുകൾക്കായി 9 പേർക്ക് വരെ ഇരിക്കാവുന്ന എവി (AV) സൗകര്യങ്ങളുള്ള മീറ്റിംഗ് റൂമുകളും (മണിക്കൂറിന് 200 ദിർഹം മുതൽ) വാടകയ്‌ക്കെടുക്കാം.

ലെറ്റ്‌സ്‌വർക്കിന്റെ ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് (04 581 3652) വഴി ഇൻഡോർ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കുട്ടികൾക്ക് കളിക്കാനും മാതാപിതാക്കൾക്ക് ജോലി ചെയ്യാനും ഒരുപോലെ അവസരം നൽകുന്ന ഈ പദ്ധതി, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ (Work-Life Balance) മെച്ചപ്പെടുത്താൻ സഹായിക്കും.

അൽ ബർഷ പോണ്ട് പാർക്കിലെ ഈ പൈലറ്റ് പ്രൊജക്റ്റിന്റെ വിജയം വിലയിരുത്തിയ ശേഷം ദുബായിലെ മറ്റ് പ്രധാന പാർക്കുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

> Dubai Municipality has launched the city’s first “Work From Park” facility at Al Barsha Pond Park in partnership with Letswork. The project offers free outdoor workspaces, Wi-Fi and charging points, along with paid indoor co-working and meeting rooms for those needing more amenities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389976/dubai-work-from-park-launch)