---
title: "നിർബന്ധിത സൈനിക സേവനം: അർഹതയില്ലാത്തവർക്ക് ഇളവ് നൽകി; വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും രേഖകളും ചമച്ചു, യുഎഇയിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി"
english_title: "UAE Takes Action Against Military Officials Over Mandatory Service Exemptions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389833/uae-mandatory-service-exemptions-probe"
published_at: "2026-11-02T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae80294ce468_N.jpg"
keywords: ["UAENews", "MilitaryService", "DefenseMinistry", "FraudProbe", "NationalService"]
---

# നിർബന്ധിത സൈനിക സേവനം: അർഹതയില്ലാത്തവർക്ക് ഇളവ് നൽകി; വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും രേഖകളും ചമച്ചു, യുഎഇയിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപടി

> **Lead Summary:** അബുദാബി: നിർബന്ധിത സൈനിക സേവനത്തിൽ അർഹതയില്ലാത്തവർക്ക് നിയമവിരുദ്ധമായി ഇളവുകൾ നേടിക്കൊടുക്കുകയും നടപടിക്രമങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്തെന്ന ആരോപണത്തിൽ യുഎഇയിൽ സൈനിക ഉദ്യോഗസ്ഥരും റിക്രൂട്ടുകളും വിചാരണ നേരിടും.

## Article Content

അബുദാബി: നിർബന്ധിത സൈനിക സേവനത്തിൽ അർഹതയില്ലാത്തവർക്ക് നിയമവിരുദ്ധമായി ഇളവുകൾ നേടിക്കൊടുക്കുകയും നടപടിക്രമങ്ങൾ മറികടക്കാൻ സഹായിക്കുകയും ചെയ്തെന്ന ആരോപണത്തിൽ യുഎഇയിൽ സൈനിക ഉദ്യോഗസ്ഥരും റിക്രൂട്ടുകളും വിചാരണ നേരിടും.

അധികാരദുർവിനിയോഗം, ഔദ്യോഗിക വിവരങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കൽ, വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കൽ, ദേശീയ-റിസർവ് സൈനിക സേവനം പൂർത്തിയാക്കിയതിന്റെ തെളിവുകളിൽ തിരിമറി നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.

പ്രതികളുടെ കൃത്യമായ എണ്ണം യുഎഇ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കണ്ണുകൾ മറച്ച നിലയിലുള്ള രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും ചിത്രം ഉൾപ്പെടെയാണ് അധികൃതർ പ്രസ്താവന പുറത്തുവിട്ടത്.

നിയമവിരുദ്ധമായി സൈനിക സേവനത്തിൽനിന്ന് ഒഴിവാകാൻ ശ്രമിക്കുകയോ സ്വന്തം പദവി ദുരുപയോഗം ചെയ്ത് മറ്റുള്ളവർക്ക് അതിന് അവസരമൊരുക്കുകയോ ചെയ്തതായി തെളിയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതികൾ സൈനിക നീതിന്യായ സംവിധാനത്തിന് മുന്നിൽ വിചാരണ നേരിടും.

ദേശീയ സേവനം മാതൃരാജ്യത്തോടുള്ള കടമയും അഭിമാനവും ഉത്തരവാദിത്തവുമാണെന്ന് സൈനിക അറ്റോർണി ജനറൽ വ്യക്തമാക്കി.

**യുഎഇയിലെ നിർബന്ധിത സൈനിക സേവനം**

2014ലെ ഫെഡറൽ നിയമം നമ്പർ 6 പ്രകാരം ആരോഗ്യപരമായി യോഗ്യതയുള്ള എമിറാത്തി പുരുഷന്മാർ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കണം. സ്ത്രീകൾക്ക് സൈനിക സേവനം സ്വമേധയാ തിരഞ്ഞെടുക്കാം.

ന്യായമായ കാരണമില്ലാതെ 29 വയസ്സാകുന്നതുവരെ സൈനിക സേവനത്തിന് ചേരാത്ത അർഹരായ പുരുഷന്മാർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവോ 10,000 മുതൽ 50,000 ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. പ്രായപരിധി കഴിഞ്ഞാലും ഇവർക്ക് സൈനിക സേവനം പൂർത്തിയാക്കേണ്ടിവരും.

ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ പുരുഷന്മാർക്ക് 11 മാസമാണ് സേവനകാലാവധി. ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്ക് മൂന്ന് വർഷം സേവനം അനുഷ്ഠിക്കണം. വനിതാ റിക്രൂട്ടുകൾക്കും 11 മാസമാണ് സേവനകാലാവധി.

യുഎഇ സായുധസേന, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് എന്നിവയുൾപ്പെടെ അധികൃതർ നിർദേശിക്കുന്ന സ്ഥാപനങ്ങളിൽ ദേശീയ സേവനം പൂർത്തിയാക്കാം.

UAE military officials and recruits will face trial over allegations of illegally securing exemptions from mandatory national service. Authorities say the case involves abuse of power, forged medical reports and tampering with official records.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389833/uae-mandatory-service-exemptions-probe)