---
title: "നാല് കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത വായനാ മത്സരം; ലോകവേദിയിൽ കേരളത്തിന്റെ അഭിമാനമായി മുഹമ്മദ് ശഹൻഷാഹ്"
english_title: "Muhammad Shahnshah Wins Third Place in Global Reading Challenge"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389394/muhammad-shahnshah-third-place-reading-challenge"
published_at: "2026-10-30T10:30:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae42677c43cf_muhammad-shahnshah-third-place-reading-challenge.jpg"
keywords: ["ArabReadingChallenge", "MuhammadShahnshah", "MaadinAcademy", "Dubai", "KeralaStudent"]
---

# നാല് കോടിയിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത വായനാ മത്സരം; ലോകവേദിയിൽ കേരളത്തിന്റെ അഭിമാനമായി മുഹമ്മദ് ശഹൻഷാഹ്

> **Lead Summary:** ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ ‘അറബ് റീഡിങ് ചാലഞ്ചി’ന്റെ പത്താം സീസണിൽ ചരിത്രനേട്ടവുമായി മലയാളി വിദ്യാർഥി. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലപ്പുറം മഅദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ശഹൻഷാഹ് ലോകതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരമായ ‘അറബ് റീഡിങ് ചാലഞ്ചി’ന്റെ പത്താം സീസണിൽ ചരിത്രനേട്ടവുമായി മലയാളി വിദ്യാർഥി. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലപ്പുറം മഅദിൻ അക്കാദമി വിദ്യാർഥി മുഹമ്മദ് ശഹൻഷാഹ് ലോകതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാരഥ്യത്തിലുള്ള ‘മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ്’ സംഘടിപ്പിച്ച പത്താമത് അറബ് റീഡിങ് ചലഞ്ചിലാണ് അറബ് ഇതര രാജ്യങ്ങളുടെ വിഭാഗത്തിൽ (ജാലിയാത്ത്) മുഹമ്മദ് ശഹൻഷാഹ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വ്യാഴാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.

അമേരിക്ക, ജർമനി, തുർക്കി, റഷ്യ, ഫിൻലൻഡ്, സ്കോട്ട്ലൻഡ്, സ്വിറ്റ്സർലാൻഡ് തുടങ്ങി ലോകമാകെ നിന്നുള്ള 60 രാജ്യങ്ങളിൽ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാല് കോടിയിലധികം (40,286,428) വിദ്യാർഥികൾ മാറ്റുരച്ച ലോകത്തെ ഏറ്റവും വലിയ വായനാ മത്സരമാണിത്.

11 ദശലക്ഷം യു.എ.ഇ ദിർഹമിന്റെ (ഏകദേശം 25 കോടിയോളം ഇന്ത്യൻ രൂപ) പുരസ്കാരങ്ങൾ നൽകപ്പെടുന്ന ഈ വിജ്ഞാനോത്സവത്തിലാണ് കേരളത്തിന്റെ അഭിമാനമായി ശഹൻഷാഹ് ഈ നേട്ടം കൈവരിച്ചത്.

ദേശീയതല പ്രിലിമിനറി മത്സരങ്ങളിൽ മികവ് പുലർത്തിയാണ് ശഹൻഷാഹ് ദുബൈയിലെ ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് അറബി ഗ്രന്ഥങ്ങൾ വായിച്ചുതീർക്കുകയും അവയുടെ വിശകലനവും ആശയങ്ങളും മുൻനിർത്തി അന്താരാഷ്ട്ര ജൂറിക്ക് മുന്നിൽ നടത്തിയ മികവുറ്റ പ്രകടനവുമാണ് അഭിമാനനേട്ടത്തിന് അർഹനാക്കിയത്.

മഅദിൻ അക്കാദമി ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടപ്പാക്കി വരുന്ന നൂതനവും വ്യവസ്ഥാപിതവുമായ അറബി ഭാഷാപഠന രീതികളാണ് അന്താരാഷ്ട്രതലത്തിലെ മിന്നുന്ന അംഗീകാരം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് മുഹമ്മദ് ശഹൻഷാഹ് പറഞ്ഞു.

അറിവിന്റെ വെളിച്ചം പരത്തി ഇനിയും ഉന്നതങ്ങളിലേക്ക് മുന്നേറാൻ കഴിയട്ടെ എന്ന് മഅദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ആശംസിച്ചു.

അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ വിഭാഗത്തിൽ ന്യൂസിലൻഡിനെ പ്രതിനിധീകരിച്ച സുഹൈബ് മജ്ദ് മുഹമ്മദിനാണ് ഒന്നാം സ്ഥാനം. മലേഷ്യയിൽ നിന്നുള്ള ഹാല ഉസാമ രണ്ടാം സ്ഥാനം നേടി.

ശഹൻഷാഹ് മൂന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശികളായ അബൂബക്കർ സിദ്ദിഖ്-ഷമീമ ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.

Malappuram student Muhammad Shahnshah of Ma’din Academy secured third place in the international category of the 10th Arab Reading Challenge. The competition drew more than 40.2 million students from 60 countries, making it the world’s largest reading contest.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389394/muhammad-shahnshah-third-place-reading-challenge)