---
title: "മെഡിക്കൽ ഉപകരണങ്ങളെന്ന പേരിൽ ആയുധക്കടത്ത്; അബുദാബിയിൽ എട്ട് പേർക്ക് ജീവപര്യന്തം, കമ്പനികൾക്ക് വൻ പിഴ"
english_title: "Arms Smuggling Under Cover of Medical Equipment: Eight Get Life Terms in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389366/arms-smuggling-medical-equipment-abu-dhabi"
published_at: "2026-10-30T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae40ba8e9373_arms-smuggling-medical-equipment-abu-dhabi.jpg"
keywords: ["ArmsSmuggling", "MoneyLaundering", "AbuDhabiCourt", "SudanConflict", "CorporateFines"]
---

# മെഡിക്കൽ ഉപകരണങ്ങളെന്ന പേരിൽ ആയുധക്കടത്ത്; അബുദാബിയിൽ എട്ട് പേർക്ക് ജീവപര്യന്തം, കമ്പനികൾക്ക് വൻ പിഴ

> **Lead Summary:** **ദുബായ്: **സുഡാൻ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും കുറ്റക്കാരായി കണ്ടെത്തിയ എട്ടുപേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട കമ്പനികൾക്ക് വൻതുക പിഴ ചുമത്തുകയും അവയുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

## Article Content

**ദുബായ്: **സുഡാൻ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും കുറ്റക്കാരായി കണ്ടെത്തിയ എട്ടുപേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട കമ്പനികൾക്ക് വൻതുക പിഴ ചുമത്തുകയും അവയുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണത്തിൽ നിന്ന് 15.45 ലക്ഷം ദിർഹം കണ്ടുകെട്ടാനും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് ബന്ധപ്പെട്ട പ്രതികൾക്ക് വലിയ തുക പിഴ ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ആറ് കമ്പനികൾക്ക് പത്തുലക്ഷം ദിർഹം വീതമാണ് പിഴ വിധിച്ചത്. കൂടാതെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പണവും കുറ്റകൃത്യത്തിലൂടെ നേടിയ വരുമാനവും കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.

യു.എ.ഇയിൽ ആവശ്യമായ മുൻകൂർ അനുമതികളില്ലാതെ ആയുധവ്യാപാരം നടത്തിയ പ്രതികൾ ഗൊര്യുനോവ് വിഭാഗത്തിൽപ്പെട്ട വെടിക്കോപ്പുകൾ യു.എ.ഇയിലെത്തിച്ച് വിമാനമാർഗ്ഗം പോർട്ട് സുഡാനിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു. സൈനിക സാമഗ്രികൾ കൊണ്ടുപോകുന്ന വിമാനത്തിലെ ചരക്ക് വൈദ്യോപകരണങ്ങളും അനുബന്ധ സാധനങ്ങളുമാണെന്ന് വ്യാജരേഖ ചമച്ചാണ് കടത്താൻ ശ്രമിച്ചത്. ആയുധ ഇടപാടുകൾക്കുള്ള പണം യു.എ.ഇയിലെ ബാങ്കുകൾ വഴിയും നേരിട്ട് പണമായും കൈമാറുകയായിരുന്നു. കമ്പനികളെയും ബാങ്ക് അക്കൗണ്ടുകളെയും മറയാക്കി പണത്തിന്റെ ഉറവിടവും ലക്ഷ്യവും ഒളിപ്പിച്ചുവെച്ചതായി കോടതി കണ്ടെത്തുകയായിരുന്നു.

സുഡാനിലെ രൂക്ഷമായ ആഭ്യന്തര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ ആയുധ ഇടപാടുകൾ അന്താരാഷ്ട്ര ആയുധ നിയന്ത്രണ ചട്ടങ്ങളുടെ ലംഘനമാണെന്നും യു.എ.ഇയുടെ താൽപ്പര്യങ്ങൾക്കും നയതന്ത്ര ബന്ധങ്ങൾക്കും ഭീഷണിയാണെന്നും കോടതി വിലയിരുത്തി. കേസിൽ ഉൾപ്പെട്ട മറ്റ് ചില പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. അതേസമയം രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കി.

Abu Dhabi’s Federal Appeal Court has sentenced eight people to life imprisonment for illegally supplying arms and military equipment to the Sudanese army and laundering money. The court also fined the companies involved heavily, ordered asset confiscation, and directed that the convicted be deported after serving their sentences.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389366/arms-smuggling-medical-equipment-abu-dhabi)