---
title: "പ്രവാസികൾക്ക് ദീപാവലി വിരുന്ന്; അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങൾ ഒരുക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്"
english_title: "Dubai Global Village to Host Five-Day Diwali Fest for Expats"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388856/dubai-global-village-diwali-fest"
published_at: "2026-10-26T17:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf461605507_dubai-global-village-diwali-fest.jpg"
keywords: ["DubaiGlobalVillage", "DiwaliFest", "ExpatCommunity", "DroneShow", "IndianPavilion"]
---

# പ്രവാസികൾക്ക് ദീപാവലി വിരുന്ന്; അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങൾ ഒരുക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്

> **Lead Summary:** **ദു**ബായിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വർണ്ണാഭമായ പരിപാടികൾ ഒരുക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്. നവംബർ ആറ് മുതൽ 10 വരെ നടക്കുന്ന ആഘോഷങ്ങളിൽ സാംസ്കാരിക പ്രകടനങ്ങൾ, ആഘോഷ വിപണി, കുടുംബങ്ങൾക്കായി പ്രത്യേക വിനോദങ്ങൾ എന്നിവയുണ്ടാകും.

## Article Content

**ദു**ബായിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വർണ്ണാഭമായ പരിപാടികൾ ഒരുക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്. നവംബർ ആറ് മുതൽ 10 വരെ നടക്കുന്ന ആഘോഷങ്ങളിൽ സാംസ്കാരിക പ്രകടനങ്ങൾ, ആഘോഷ വിപണി, കുടുംബങ്ങൾക്കായി പ്രത്യേക വിനോദങ്ങൾ എന്നിവയുണ്ടാകും.

നവംബർ 8-ന് രാത്രി എട്ട് മണിക്ക് സ്റ്റണ്ട് അരീനയ്ക്കും സിറിയൻ പവലിയനും മുകളിലായി 600 ഡ്രോണുകൾ അണിനിരക്കുന്ന വർണ്ണാഭമായ ഡ്രോൺ ഷോയാണ് പരിപാടികളിലെ പ്രധാന ആകർഷണം.

ദക്ഷിണേഷ്യൻ പരമ്പരാഗത സംഗീത കൂട്ടായ്മയായ 'ബൈഠക്' (Baithak) ആദ്യമായി ഗ്ലോബൽ വില്ലേജിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നവംബർ 6-ന് രാത്രി എട്ട് മുതൽ ഒമ്പത് വരെ മെയിൻ സ്റ്റേജിൽ നടക്കുന്ന ഈ പരിപാടിയിൽ സന്ദർശകർക്ക് കലാകാരന്മാർക്കൊപ്പം പാടാനും ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

കൂടാതെ, നവംബർ 7-ന് സിറ്റി എഫ്എമ്മുമായി സഹകരിച്ച് നടക്കുന്ന ഇന്ററാക്ടീവ് ഗെയിമുകളിലൂടെ സന്ദർശകർക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാം.

ഇന്ത്യൻ പവലിയനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ദീപാവലി മേള'യിൽ പരമ്പരാഗത അലങ്കാര വസ്തുക്കൾ, സമ്മാനങ്ങൾ, പലഹാരങ്ങൾ എന്നിവ ലഭ്യമാകും. കുട്ടികൾക്കായി 'കിഡ്‌സ് കോർണറിൽ' ദിയ (അകലുകൾ) കളറിംഗ്, രംഗോലി നിർമ്മാണം, ഫേസ് പെയിന്റിംഗ് തുടങ്ങിയ ക്രിയേറ്റീവ് പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.

വേൾഡ് അവന്യൂവിലുടനീളം ദീപാവലി അലങ്കാരങ്ങളും ചിത്രങ്ങളെടുക്കാൻ 'ഹാപ്പി ദീപാവലി' ഫോട്ടോ സ്പോട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണപ്രേമികൾക്കായി ഇന്ത്യൻ ഷെഫ്, ഗ്രാൻഡ് ധാബ തുടങ്ങിയ പ്രമുഖ റെസ്റ്റോറന്റുകളിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമായിരിക്കും.

ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ മാതൃകയിൽ ഒരുക്കിയിരിക്കുന്ന 'ഇന്ത്യൻ ചാട്ട് ബസാറിൽ' പാനിപൂരി, ചാട്ട്, പാവ് ഭാജി, ചോലെ ഭട്ടൂരെ, ദേശി നൂഡിൽസ്, മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കാം. ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റ് എടുത്തുതന്നെ സന്ദർശകർക്ക് ഈ ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകാം. വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എന്റ്രൻസ് കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാണ്.

Dubai Global Village is set to celebrate Diwali with a five-day lineup of cultural performances, festive markets, and family entertainment from November 6 to 10. The highlights include a 600-drone show on November 8, the debut of the South Asian music gathering Baithak, interactive games, and special Diwali-themed food and shopping experiences.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388856/dubai-global-village-diwali-fest)