---
title: "യുഎഇയിലെ സ്വകാര്യ കമ്പനികൾ ജാഗ്രതൈ! വർക്ക് പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിച്ചാൽ വൻ പിഴ; യുഎഇയിൽ അഞ്ച് നിയമലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പ്"
english_title: "UAE Private Firms Warned: Up to Dh1 Million Fine for Hiring Without Permits"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388563/uae-private-firms-hiring-permit-fine"
published_at: "2026-10-24T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc992640abc_uae-private-firms-hiring-permit-fine.jpg"
keywords: ["UAEJobs", "WorkPermit", "LaborLaw", "PrivateFirms", "MinistryWarning"]
---

# യുഎഇയിലെ സ്വകാര്യ കമ്പനികൾ ജാഗ്രതൈ! വർക്ക് പെർമിറ്റില്ലാതെ തൊഴിലാളികളെ നിയമിച്ചാൽ വൻ പിഴ; യുഎഇയിൽ അഞ്ച് നിയമലംഘനങ്ങൾക്കെതിരെ മുന്നറിയിപ്പ്

> **Lead Summary:** ദുബായ്: നിയമം ലംഘിച്ചു തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒന്നുമുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

## Article Content

ദുബായ്: നിയമം ലംഘിച്ചു തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒന്നുമുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ടതടക്കം 5 നിയമലംഘനങ്ങളാണു മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. തൊഴിൽനിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ്. നിയമനം നടത്തുന്നതിനു മുൻപേ ആവശ്യമായ അനുമതികളും രേഖകളും ഉറപ്പാക്കണമെന്നും നിർദേശിച്ചു.

**പിഴ ലഭിക്കാവുന്ന 5 നിയമലംഘനങ്ങൾ**

∙ വർക്ക് പെർമിറ്റില്ലാതെ നിയമനം: മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തൊഴിലാളികളെ നിയമിക്കുന്നത്.

∙ ജോലി നൽകാതെ റിക്രൂട്മെന്റ്: തൊഴിലാളികളെ നിയമിച്ച ശേഷം ജോലി നൽകാതിരിക്കുന്നത്.

∙ പെർമിറ്റ് ദുരുപയോഗം: അനുവദിച്ച ആവശ്യത്തിനല്ലാതെ വർക്ക് പെർമിറ്റ് ഉപയോഗിക്കുന്നത്.

∙ തൊഴിലാളികളുടെ കാര്യങ്ങൾ തീർപ്പാക്കാതെ സ്ഥാപനം അടച്ചുപൂട്ടൽ: പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ പരിഹരിക്കാതിരിക്കുന്നത്.

∙ പ്രായപൂർത്തിയാകാത്തവരെ നിയമിക്കൽ: തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു പ്രായപൂർത്തിയാകാത്തവരെ ജോലിക്കെടുക്കുന്നതും നിയമവിരുദ്ധമായി രക്ഷിതാവിന്റെ സമ്മതം വാങ്ങുന്നതും.

**വേണം, ജോലിക്ക് അനുയോജ്യമായ പെർമിറ്റ്**

തൊഴിലാളിയുടെ സാഹചര്യത്തിനും ജോലിയുടെ സ്വഭാവത്തിനുമനുസരിച്ച് ശരിയായ വർക്ക് പെർമിറ്റ് തിരഞ്ഞെടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

വിദേശത്തുനിന്നുള്ള നിയമനം, സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽമാറ്റം, താൽക്കാലിക ജോലി, പാർട്‍ടൈം ജോലി, കുടുംബ സ്പോൺസർഷിപ്പിലുള്ളവരുടെ തൊഴിൽ, വിദ്യാർഥികളുടെ പരിശീലനം, പ്രായപൂർത്തിയാകാത്തവരുടെ തൊഴിൽ എന്നിവയ്ക്കായി വ്യത്യസ്ത പെർമിറ്റുകളുണ്ട്.

ഗോൾഡൻ വീസക്കാർക്കും യുഎഇ, ജിസിസി പൗരന്മാർക്കും സ്വകാര്യ ട്യൂഷൻ നൽകുന്നവർക്കും പ്രത്യേക പെർമിറ്റുകൾ ലഭ്യമാണ്. അനുയോജ്യമായ പെർമിറ്റ് നേടുകയും അതിന്റെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്നതു തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിർണായകമാണ്.

The UAE Ministry of Human Resources and Emiratisation has warned private companies of fines ranging from Dh100,000 to Dh1 million for violating labour rules, including hiring workers without permits. It listed five key violations, such as misuse of work permits, recruiting without providing jobs, and employing minors, and urged employers to secure the correct permits before hiring.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388563/uae-private-firms-hiring-permit-fine)