---
title: "ഹൂതി ആക്രമണം: അബൂദബി- സൗദി വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി ഇത്തിഹാദ്"
english_title: "Etihad Cancels Abu Dhabi-Saudi Flights for Two Weeks Amid Houthi Attacks"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388334/etihad-cancels-abu-dhabi-saudi-flights"
published_at: "2026-10-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb07a7a111e_etihad-cancels-abu-dhabi-saudi-flights.jpg"
keywords: ["EtihadAirways", "AbuDhabiFlights", "SaudiFlights", "HouthiAttacks", "FlightCancellation"]
---

# ഹൂതി ആക്രമണം: അബൂദബി- സൗദി വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി ഇത്തിഹാദ്

> **Lead Summary:** ദുബൈ: ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങള്‍മൂലം അബൂദബിയില്‍നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്‌സ്.

## Article Content

ദുബൈ: ഹൂതി ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യങ്ങള്‍മൂലം അബൂദബിയില്‍നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി യുഎഇയുടെ ഇത്തിഹാദ് എയര്‍വേയ്‌സ്.

റദ്ദാക്കല്‍ നവംബര്‍ 5 വരെ നിലനില്‍ക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ദമ്മാം, റിയാദ്, ജിദ്ദ നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

അബൂദബി-ദമ്മാം, അബൂദബി-റിയാദ് റൂട്ടുകളിലെ എല്ലാ വിമാനങ്ങളും നവംബര്‍ 5 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. അബൂദബി-ജിദ്ദ റൂട്ടില്‍ EY601, EY603 വിമാനങ്ങളും ജിദ്ദയില്‍നിന്ന് അബൂദബിയിലേക്കുള്ള EY602, EY604 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

പ്രാദേശിക സാഹചര്യം മാറുന്നതിനനുസരിച്ച് വിമാന സമയക്രമത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകാമെന്നും ഇത്തിഹാദ് വ്യക്തമാക്കി. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റായ etihad.com വഴി വിമാനത്തിന്റെ ഏറ്റവും പുതിയ സ്ഥിതി പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രയെ ബാധിച്ചവര്‍ക്കായി യാത്രാ ക്രമീകരണങ്ങളില്‍ സഹായം നല്‍കിവരുന്നതായും എയര്‍ലൈന്‍ അറിയിച്ചു.

Etihad Airways has suspended flights between Abu Dhabi and three major Saudi cities for two weeks due to regional disruptions following Houthi attacks. The cancellations remain in effect until November 5, and passengers are advised to check the airline’s website for the latest updates before traveling.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388334/etihad-cancels-abu-dhabi-saudi-flights)