---
title: "അനുമതിയില്ലാതെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഇൻഫ്ലുവന്‍സര്‍ക്ക് 20,000 ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്"
english_title: "Court Orders 20,000 Dirhams Compensation to Influencer in Unauthorized Video Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387792/unauthorized-video-sharing-influencer-compensation"
published_at: "2026-10-19T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad622a417145_unauthorized-video-sharing-influencer-compensation.jpg"
keywords: ["AbuDhabiCourt", "SocialMediaLaw", "PrivacyViolation", "InfluencerCase", "Compensation"]
---

# അനുമതിയില്ലാതെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഇൻഫ്ലുവന്‍സര്‍ക്ക് 20,000 ദിര്‍ഹം നല്‍കാന്‍ കോടതി ഉത്തരവ്

> **Lead Summary:** അബൂദബി: അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി ടിക് ടോക്, സ്‌നാപ്ചാറ്റ് എന്നിവയിലൂടെ പ്രചരിപ്പിച്ച് വ്യക്തിസ്വാതന്ത്ര്യവും വ്യക്തിത്വവും ലംഘിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍ക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവാവിനോട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ഉത്തരവിട്ടു.

## Article Content

അബൂദബി: അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി ടിക് ടോക്, സ്‌നാപ്ചാറ്റ് എന്നിവയിലൂടെ പ്രചരിപ്പിച്ച് വ്യക്തിസ്വാതന്ത്ര്യവും വ്യക്തിത്വവും ലംഘിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സര്‍ക്ക് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ യുവാവിനോട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ഉത്തരവിട്ടു.

സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും ചൂണ്ടിക്കാട്ടി 4,50,000 ദിര്‍ഹം നഷ്ടപരിഹാരവും അഞ്ചുശതമാനം പലിശയും കോടതിച്ചെലവുകളും ആവശ്യപ്പെട്ട് ഇൻഫ്ലുവന്‍സര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി.

തന്‍റെ അനുമതിയില്ലാതെ ചിത്രീകരിച്ച വീഡിയോ ടിക് ടോക്, സ്‌നാപ്ചാറ്റ് അക്കൗണ്ടുകളില്‍ അധിക്ഷേപകരമായ കമന്‍റുകളോടെ യുവാവ് പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.

ഇത് തന്‍റെ വ്യക്തിഗത-കുടുംബ ജീവിതത്തെയും പരസ്യ ബിസിനസിനെയും വരുമാനത്തെയും പ്രതികൂലമായി ബാധിച്ചുവെന്നും ഹരജിയില്‍ വ്യക്തമാക്കി. കേസില്‍ യുവാവിന് 50,000 ദിര്‍ഹം പിഴയും കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും നേരത്തെ ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു.

ക്രിമിനല്‍ കോടതിയുടെ കണ്ടെത്തലുകള്‍ സിവില്‍ കോടതിക്കും ബാധകമാണെന്ന് വിലയിരുത്തിയ കോടതി, കുറ്റം നടന്നതായി സ്ഥിരീകരിച്ചു. എന്നാല്‍, വീഡിയോ പ്രചരിപ്പിച്ചതുകൊണ്ട് സാമ്പത്തിക നഷ്ടമോ ബിസിനസ് അവസരങ്ങളുടെ കുറവോ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ വാദിക്ക് സാധിക്കാത്തതിനാല്‍ സാമ്പത്തിക നഷ്ട പരിഹാരത്തിനായുള്ള വലിയ തുകയുടെ അവകാശവാദം കോടതി തള്ളി.

അതേസമയം, അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് വാദിയുടെ സ്വകാര്യതയെയും അഭിമാനത്തെയും ബാധിച്ചെന്നും ഇത് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും നിരീക്ഷിച്ച കോടതി, മാനനഷ്ടത്തിനുള്ള പരിഹാരമായി 20,000 ദിര്‍ഹമും കേസിന്‍റെ ചെലവും നല്‍കാന്‍ പ്രതിയോട് ഉത്തരവിടുകയായിരുന്നു.

An Abu Dhabi court ordered a man to pay 20,000 dirhams to a social media influencer after he filmed and shared a video without permission on TikTok and Snapchat. The court said the act violated her privacy and caused mental distress, but rejected the larger compensation claim for lack of proof of financial loss.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387792/unauthorized-video-sharing-influencer-compensation)