---
title: "റിയാദിലേക്ക് മടങ്ങുന്നതിനിടെ മലയാളി നഴ്സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി; വയനാട് സ്വദേശിനിക്കായി അന്വേഷണം"
english_title: "Malayali Nurse Goes Missing at Jeddah Airport While Returning to Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386983/malayali-nurse-missing-jeddah-airport-riyadh"
published_at: "2026-10-14T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf17e6a9f5b_malayali-nurse-missing-jeddah-airport-riyadh.jpg"
keywords: ["MalayaliNurse", "JeddahAirport", "Wayanad", "Riyadh", "IndianEmbassy"]
---

# റിയാദിലേക്ക് മടങ്ങുന്നതിനിടെ മലയാളി നഴ്സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി; വയനാട് സ്വദേശിനിക്കായി അന്വേഷണം

> **Lead Summary:** **ജിദ്ദ: **റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.

## Article Content

**ജിദ്ദ: **റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിനയെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.

കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ഇവർ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയിൽ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്.

ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ, ജിദ്ദ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതും യാതൊരു വിവരവും ലഭ്യമല്ലാതായതും.

**ആശങ്കയിൽ കുടുംബവും സഹപ്രവർത്തകരും:**

റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഫിലോമിനയുടെ തിരോധാനത്തിൽ കുടുംബം കടുത്ത ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചാൽ മാത്രമേ ഇവരെ കണ്ടെത്താനാകൂ എന്നാണ് കുടുംബം കരുതുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധയിൽ വിഷയം എത്തിച്ചിട്ടുണ്ട്. നിയമപരമായ പ്രശ്നങ്ങളടക്കം തിരോധാനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

English Summary:

Philomina, a 32-year-old nurse from Wayanad working at King Fahad Hospital in Riyadh, went missing at Jeddah airport while returning from annual leave. Her family says she sent a voice message saying airport officials had detained her and taken her luggage and phone before she became unreachable. Indian Embassy officials and social workers are trying to trace her.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386983/malayali-nurse-missing-jeddah-airport-riyadh)