---
title: "കളിക്കുമ്പോൾ ശ്രദ്ധിച്ചോ ....! മക്കളുടെ ഓൺലൈൻ കൂട്ടുകാർ അപകടകാരികളാകാം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലീസ്"
english_title: "Dubai Police Warn Parents: Online Gaming Friends May Pose Risks to Children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386705/dubai-police-warns-online-gaming-risks"
published_at: "2026-10-12T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc9594b053e_dubai-police-warns-online-gaming-risks.jpg"
keywords: ["DubaiPolice", "OnlineSafety", "CyberSecurity", "GamingRisks", "ChildSafety"]
---

# കളിക്കുമ്പോൾ ശ്രദ്ധിച്ചോ ....! മക്കളുടെ ഓൺലൈൻ കൂട്ടുകാർ അപകടകാരികളാകാം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലീസ്

> **Lead Summary:** **ദുബൈ: **കുട്ടികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെടുന്ന എല്ലാവർക്കും നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടാകണമെന്നില്ലെന്നും, കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിൽ രക്ഷിതാക്കൾ കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

## Article Content

**ദുബൈ: **കുട്ടികൾ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെടുന്ന എല്ലാവർക്കും നല്ല ഉദ്ദേശ്യങ്ങൾ ഉണ്ടാകണമെന്നില്ലെന്നും, കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിൽ രക്ഷിതാക്കൾ കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

സൈബർ സുരക്ഷാ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് ദുബൈ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ചില ഓൺലൈൻ ഉപയോക്താക്കൾ കുട്ടികളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുകയും, തുടർന്ന് സംഭാഷണങ്ങൾ സ്വകാര്യ ചാറ്റുകളിലേക്ക് മാറ്റുകയോ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും ആവശ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ തമ്മിൽ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും ഉദ്ദേശ്യങ്ങൾ സുരക്ഷിതമല്ല. കുട്ടികളുടെ വിശ്വാസം ആർജിച്ച് വ്യക്തിഗത വിവരങ്ങളോ ഫോട്ടോകളോ തട്ടിയെടുക്കാൻ ഇത്തരം സംഘങ്ങൾ ശ്രമിച്ചേക്കാം. അതിനാൽ ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് കുട്ടികളോട് രക്ഷിതാക്കൾ പതിവായി സംസാരിക്കുകയും വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും വേണം.

അപരിചിതരുമായി സ്വകാര്യ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും കുട്ടികളെ വിലക്കണം. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയയും ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ ഡിജിറ്റൽ രീതികൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പൊലീസ് ചൂണ്ടിക്കാണിച്ചു. സമൂഹം നേരിടുന്ന സൈബർ ഭീഷണികളെക്കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ദുബൈ പൊലീസ് ഈ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

**English Summary:**

Dubai Police has warned parents about the risks children may face on online gaming platforms. As part of Cyber Security Awareness Month, the force urged families to monitor children’s digital activity and teach them safe online habits.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386705/dubai-police-warns-online-gaming-risks)