---
title: "ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി"
english_title: "Attack on Ship Off Oman Coast Again; Two Indian Sailors Missing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386626/oman-coast-ship-attack-two-indian-sailors-missing"
published_at: "2026-10-12T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc34db23cb7_oman-coast-ship-attack-two-indian-sailors-missing.jpg"
keywords: ["OmanAttack", "IndianSailors", "DroneStrike", "MaritimeSecurity", "SoharPort"]
---

# ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം; രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

> **Lead Summary:** ദുബായ്: ഒമാൻ തീരത്ത് നങ്കൂരമിട്ടിരുന്ന വാണിജ്യക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എം ടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

## Article Content

ദുബായ്: ഒമാൻ തീരത്ത് നങ്കൂരമിട്ടിരുന്ന വാണിജ്യക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വയുടെ പതാകയേന്തിയ എം ടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.

കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപമുള്ള സോഹാർ ആങ്കറേജിൽ വെച്ചാണ് ആക്രമണമുണ്ടായത്. കേന്ദ്ര തുറമുഖ, ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളാണ് ആക്രമണവിവരം സ്ഥിരീകരിച്ചത്.

ഒമ്പത് ഇന്ത്യൻ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തി സുരക്ഷിതരാക്കിയതായും രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായതായും മന്ത്രി എക്സിലൂടെ അറിയിച്ചു.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള സമുദ്രമേഖലയിൽ വാണിജ്യക്കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് പുതിയ സംഭവം. ഇതേ മേഖലയിൽ എം ടി വാൽതെറ എന്ന മറ്റൊരു ടാങ്കറിനും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം.

ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. മേഖലയിലെ സമുദ്രസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ കാണാതായ നാവികർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യൻ ജീവനക്കാരെ കാണാതായെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയിലെ വാണിജ്യക്കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങൾ ഇതിനകം വഷളായിരിക്കുന്ന പ്രാദേശിക സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

A drone attack on a commercial vessel anchored off Oman’s Sohar port has left two Indian sailors missing. Nine other Indian crew members were rescued, while search and rescue operations continue with the help of local authorities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386626/oman-coast-ship-attack-two-indian-sailors-missing)