---
title: "'പാഴ്‌വസ്തുക്കൾക്ക് പുതുജീവൻ നൽകി'; ബഹ്‌റൈൻ പ്രവാസി മലയാളിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം"
english_title: "Bahrain Malayali Wins India Book of Records Recognition for Crafting 431 DIY Works"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386285/bahrain-malayali-india-book-records-craft"
published_at: "2026-10-09T15:05:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8b6b7c5ddd_bahrain-malayali-india-book-records-craft.jpg"
keywords: ["BahrainMalayali", "IndiaBookOfRecords", "DIYCrafts", "RecycledArt", "Thrissur"]
---

# 'പാഴ്‌വസ്തുക്കൾക്ക് പുതുജീവൻ നൽകി'; ബഹ്‌റൈൻ പ്രവാസി മലയാളിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം

> **Lead Summary:** മനാമ: സ്വന്തമായി ഏറ്റവും കൂടുതൽ ഡി.ഐ.വൈ കരകൗശല ഉൽപ്പന്നങ്ങൾ നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ബഹ്‌റൈൻ പ്രവാസിയായ മലയാളി യുവതി.

## Article Content

മനാമ: സ്വന്തമായി ഏറ്റവും കൂടുതൽ ഡി.ഐ.വൈ കരകൗശല ഉൽപ്പന്നങ്ങൾ നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ബഹ്‌റൈൻ പ്രവാസിയായ മലയാളി യുവതി.

തൃശൂർ വലപ്പാട് സ്വദേശിനി ബ്ലെയ്സി ബിജോയ് ആണ് 431 കരകൗശല വസ്തുക്കൾ നിർമിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. സാധാരണയായി ലഭിക്കുന്ന വസ്തുക്കളും പാഴ്‌വസ്തുക്കളും ഉപയോഗിച്ച് വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഒരുക്കിയാണ് ബ്ലെയ്സി റെക്കോർഡ് നേട്ടത്തിലെത്തിയത്.

ത്രീഡി പേപ്പർ ആർട്ട്, ഒറിഗാമി, ക്രംബിൾഡ് പേപ്പർ ക്രാഫ്റ്റ്, ബോഹോ ആർട്ട്, എഗ്ഗ്‌ഷെൽ ഡീകോപേജ് ആർട്ട്, പഫി ആർട്ട്, ടിഷ്യു പേപ്പർ ടെക്‌സ്ചർ ആർട്ട്, ഇല്ല്യൂഷൻ ആർട്ട്, സെന്റാങ്കിൾ ആർട്ട്, ഡോട്ട് മണ്ഡല ആർട്ട് തുടങ്ങി വിവിധ ഇനങ്ങളിലുള്ള കരകൗശല വസ്തുക്കളാണ് ബ്ലെയ്സി നിർമിച്ചത്.

വർണക്കടലാസുകൾ, കാർഡ്‌ബോർഡുകൾ, ഉപയോഗശൂന്യമായ വിവിധ വസ്തുക്കൾ എന്നിവയാണ് നിർമാണത്തിനായി പ്രധാനമായും ഉപയോഗിച്ചത്.

കഴിഞ്ഞ 16 വർഷമായി ബഹ്‌റൈനിൽ പ്രവാസജീവിതം നയിക്കുന്ന ബ്ലെയ്സിക്ക് കരകൗശല നിർമാണത്തോടുള്ള താൽപര്യം ആരംഭിച്ചത് സ്കൂൾ പഠനകാലത്താണ്. പിതാവിൽനിന്നാണ് ക്രാഫ്റ്റ് നിർമാണത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്.

പിന്നീട് ഈ മേഖലയിൽ കൂടുതൽ പരിശീലനം നേടുകയും കരകൗശല നിർമാണം ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു. നിലവിൽ ബഹ്‌റൈനിലെ ന്യൂ ഹൊറൈസൺ സ്കൂളിൽ കിൻഡർഗാർട്ടൻ അധ്യാപികയായി ജോലി ചെയ്യുകയാണ് ബ്ലെയ്സി.

2016 മുതൽ കരകൗശല നിർമാണരംഗത്ത് സജീവമായിരുന്ന ബ്ലെയ്സി 2020 മുതലാണ് സ്വന്തം സൃഷ്ടികൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയത്. 'ബ്ലെയ്സ് ക്രിയേഷൻസ്' എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകളിലൂടെയാണ് കലാസൃഷ്ടികൾ പൊതുജനങ്ങളിലേക്ക് എത്തിച്ചത്. വിവിധ കരകൗശല രീതികളിലുള്ള സൃഷ്ടികൾ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ പരിചയപ്പെടുത്തിവരികയാണ്.

ബഹ്‌റൈനിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന ബിജോയ് ആണ് ബ്ലെയ്സിയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. വർഷങ്ങളായി തുടരുന്ന കരകൗശല നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് ബ്ലെയ്സി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടിയത്.

Blaisy Bijoy, a Malayali expatriate from Thrissur living in Bahrain, has earned a place in the India Book of Records by creating 431 DIY craft items. She made the creations using paper, cardboard and other discarded materials, showcasing a wide range of art forms through her work and social media channels.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386285/bahrain-malayali-india-book-records-craft)