---
title: "'പ്രവാസം മതിയാക്കി നാട്ടിലെത്തിയവർക്ക് സന്തോഷവാർത്ത'; നോർക്ക റിട്ടേണി ഐഡി കാർഡിന് അനുമതി, ഓൺലൈനായി അപേക്ഷിക്കാം"
english_title: "Good News for Returnees: Kerala Approves NORKA Returnee ID Card"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386237/norka-returnee-id-card-approved"
published_at: "2026-10-09T11:45:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8887d70bf8_norka-returnee-id-card-approved.jpg"
keywords: ["NorkaRoots", "ReturneeIDCard", "KeralaGovernment", "MalayaliDiaspora", "OnlineApplication"]
---

# 'പ്രവാസം മതിയാക്കി നാട്ടിലെത്തിയവർക്ക് സന്തോഷവാർത്ത'; നോർക്ക റിട്ടേണി ഐഡി കാർഡിന് അനുമതി, ഓൺലൈനായി അപേക്ഷിക്കാം

> **Lead Summary:** ദോഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ സാക്ഷാത്കാരം. വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.

## Article Content

ദോഹ: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ സാക്ഷാത്കാരം. വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ കാർഡിന് അർഹതയുള്ളത്. പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ആരംഭിച്ചു.

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായി പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാം. മൂന്നുവർഷത്തെ കാലാവധിയുള്ള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിനുപുറമെ, എൻറോൾമെന്റ് നടപടികൾ വേഗത്തിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി തിരുവനന്തപുരം തൈക്കാടുള്ള നോർക്ക സെന്റർ ആസ്ഥാനത്ത് പ്രത്യേക ഹെൽപ്പ് ഡെസ്കും സഹായ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുന്ന മുറക്ക് അപേക്ഷകർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഡിജിറ്റൽ ഇ -കാർഡുകൾ നേരിട്ട് ലഭിക്കും.

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരുടെ കൃത്യമായ ഡേറ്റാബേസ് തയാറാക്കുക, സർക്കാറിന്റെ വിവിധ പുനരധിവാസ -ക്ഷേമ പദ്ധതികൾ അർഹരായവരിലേക്ക് തടസ്സമില്ലാതെ എത്തിക്കുക എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്‌ക്കൊപ്പം മുൻപ് പ്രവാസിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖയും നിർബന്ധമായും സമർപ്പിക്കണം.

വിദേശത്തുനിന്ന് മടങ്ങിയെത്തിയവർക്ക് കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐ.ഡി കാർഡ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ തെളിവായി ഉപയോഗിക്കാം.

കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ കഴിഞ്ഞവർക്ക് കാലാവധി കഴിഞ്ഞ എൻ.ആർ.കെ ഐ.ഡി കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസിയായിരുന്നുവെന്നും ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫിസർ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, പ്രസിഡന്റ്, ഗസറ്റഡ് ഓഫിസർ, നിയമസഭാംഗം, പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ച സാക്ഷ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് സമർപ്പിച്ച് അപേക്ഷ പൂർത്തിയാക്കാം.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തു നിന്നുള്ളവർക്ക് +91 8802012345 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അടിച്ചും സേവനം പ്രയോജനപ്പെടുത്താം.

Kerala has approved the NORKA Returnee ID Card for Malayalis who have returned home after living abroad or in other Indian states. Eligible applicants can apply online through the NORKA Roots portal, with the card issued for three years at a fee of Rs 200.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386237/norka-returnee-id-card-approved)