---
title: "കാൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി, ഒടുവിൽ നീതി; പ്രവാസി മലയാളിക്ക് ദുബായ് കോടതി വഴി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം"
english_title: "Dubai Court Awards Rs 1.5 Crore Compensation to Malayali Expat After Leg Loss"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385443/dubai-court-compensation-malayali-expat-leg-loss"
published_at: "2026-10-04T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac1d3f8592e1_dubai-court-compensation-malayali-expat-leg-loss.jpg"
keywords: ["DubaiCourt", "MalayaliExpat", "RoadAccident", "Compensation", "AjmanAccident"]
---

# കാൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി, ഒടുവിൽ നീതി; പ്രവാസി മലയാളിക്ക് ദുബായ് കോടതി വഴി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം

> **Lead Summary:** **ദുബായ്: **അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട് ജീവനമാർഗം അടഞ്ഞ മലയാളി പ്രവാസിക്ക് ദുബായ് കോടതി ഇടപെടലിൽ ഒന്നരക്കോടി രൂപ (6,55,341 ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ജീവിതം വഴിമുട്ടിപ്പോയ മുപ്പത്തിയെട്ടുകാരനായ സുധീറിനാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കോടതി ചെലവുകൾ ഉൾപ്പെടെയുള്ള തുക അനുവദിച്ചു കിട്ടിയത്. തുക ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

## Article Content

**ദുബായ്: **അജ്മാനിലുണ്ടായ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട് ജീവനമാർഗം അടഞ്ഞ മലയാളി പ്രവാസിക്ക് ദുബായ് കോടതി ഇടപെടലിൽ ഒന്നരക്കോടി രൂപ (6,55,341 ദിർഹം) നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽ ജീവിതം വഴിമുട്ടിപ്പോയ മുപ്പത്തിയെട്ടുകാരനായ സുധീറിനാണ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കോടതി ചെലവുകൾ ഉൾപ്പെടെയുള്ള തുക അനുവദിച്ചു കിട്ടിയത്. തുക ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 15 വർഷമായി യുഎഇയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു രണ്ട് കുട്ടികളുടെ പിതാവായ സുധീർ. അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നതിനിടെ 2025 മെയ് മാസത്തിലാണ് അപകടമുണ്ടായത്. കമ്പനി വാഹനത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കാൽനടപ്പാതയിലേക്ക് ഇരച്ചുകയറുകയും തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുധീറിന്റെ ഇടതുകാൽ പൂർണ്ണമായും തകർന്നു.

ഉടൻതന്നെ ദുബായ് ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ മുട്ടിന് താഴെവെച്ച് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്ന്, ഉപജീവനമാർഗ്ഗം അടഞ്ഞതും മാനസികവും ശാരീരികവുമായ ആഘാതങ്ങളും ചൂണ്ടിക്കാട്ടി ദുബായിലെ ആയിഷ അൽ ദാഹേരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി മുഖേന ഇൻഷുറൻസ് കമ്പനിക്കെതിരെ 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

കേസ് ആദ്യം പരിഗണിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നാല് ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ചെങ്കിലും അപ്പീൽ കോടതി ഇത് ആറ് ലക്ഷം ദിർഹമായി വർദ്ധിപ്പിക്കുകയായിരുന്നു. കോടതിച്ചെലവുകൾ കൂടി ചേർത്താണ് ഇപ്പോൾ 6,55,341 ദിർഹം ലഭിച്ചത്. അതേസമയം, വലതുകാലിനും സാരമായ പരിക്കേറ്റതിനാൽ തുടർചികിത്സകൾക്കായി കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ദുബായ് കോർട്ട് ഓഫ് കസേഷനിൽ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട്.

**English Summary:**

A 38-year-old Malayali expat, Sudheer, who lost his left leg in a road accident in Ajman, has been awarded 6,55,341 AED, or about Rs 1.5 crore, by a Dubai court. The compensation follows a May 2025 crash involving a company vehicle, and further appeals have been filed seeking additional medical expenses.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385443/dubai-court-compensation-malayali-expat-leg-loss)