---
title: "യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട; വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ"
english_title: "UAE Seizes 16.2 Kg Crystal Meth Hidden Inside Vehicle Tyre"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385078/uae-seizes-16-2-kg-crystal-meth-hidden-inside-vehicle-tyre"
published_at: "2026-10-01T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe88cb19436_uae-seizes-16-2-kg-crystal-meth-hidden-inside-vehicle-tyre.jpg"
keywords: ["UAE Customs", "Crystal Meth", "Drug Seizure", "Drug Trafficking", "General Directorate of Ports Security"]
---

# യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട; വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ

> **Lead Summary:** യുഎഇ : യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. വാഹനത്തിന്റെ ടയറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ പിടികൂടി. രാജ്യത്തെ കര അതിർത്തി ചെക്ക്‌പോസ്റ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

## Article Content

യുഎഇ : യുഎഇയിൽ വൻ മയക്കുമരുന്ന് വേട്ട. വാഹനത്തിന്റെ ടയറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച 16.2 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റമിൻ പിടികൂടി. രാജ്യത്തെ കര അതിർത്തി ചെക്ക്‌പോസ്റ്റുകളിലൊന്നിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയുടെ (ഐസിപി) ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് സെക്യൂരിറ്റിക്ക് കീഴിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വാഹനം അത്യാധുനിക സ്കാനിങ് സംവിധാനത്തിലൂടെ കടന്നുപോകുന്നതിനിടെ സംശയാസ്പദമായ സൂചനകൾ ശ്രദ്ധയിൽപ്പെട്ടതാണ് പരിശോധനയ്ക്ക് വഴിവച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ വാഹനം വിശദമായി പരിശോധിച്ചു.

മയക്കുമരുന്ന് കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ കെ9 വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു പരിശോധന.

വാഹനത്തിന്റെ ടയറിനുള്ളിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു 16.2 കിലോ ക്രിസ്റ്റൽ മെത്ത് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്ത് തടയുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജാഗ്രതയും പരിചയസമ്പത്തും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗവും വ്യക്തമാക്കുന്നതാണ് നടപടിയെന്ന് ഐസിപി അറിയിച്ചു.

ഈ വർഷം ഇതുവരെ 765 മയക്കുമരുന്ന് കേസുകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് സെക്യൂരിറ്റി കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ പ്രവേശന കവാടങ്ങളിലെ പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും സമൂഹത്തെ മയക്കുമരുന്നിന്റെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

**English Summary:**

Authorities seized 16.2 kg of crystal meth allegedly concealed inside a vehicle tyre. ICP said the operation demonstrated the vigilance and experience of customs officers and the effective use of advanced technology to combat drug trafficking. The General Directorate of Ports Security has detected 765 drug cases so far this year. Authorities said inspection systems at various entry points will continue to be strengthened and measures to protect society from the dangers of drugs will be intensified.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385078/uae-seizes-16-2-kg-crystal-meth-hidden-inside-vehicle-tyre)