---
title: "ഇറാൻ ആക്രമണ പശ്ചാത്തലത്തിൽ ബഹ്റൈനിൽ നിർണായക യോഗം, 1000-ലധികം മിസൈലുകൾ തകർത്തെന്ന് ആഭ്യന്തര മന്ത്രി"
english_title: "Bahrain Legislative Executive Joint Meeting After Iranian Attacks 1000 Missiles Intercepted Says Interior Minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384705/bahrain-joint-meeting-iranian-attacks-interior-minister-1000-missiles-defence"
published_at: "2026-09-29T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb8037544c3_bahrain-joint-meeting-iranian-attacks-interior-minister-1000-missiles-defence.jpg"
keywords: ["Iran Missile Attack", "Bahrain Interior Minister Rashid", "Bahrain Defence Force", "Bahrain Parliament Meeting"]
---

# ഇറാൻ ആക്രമണ പശ്ചാത്തലത്തിൽ ബഹ്റൈനിൽ നിർണായക യോഗം, 1000-ലധികം മിസൈലുകൾ തകർത്തെന്ന് ആഭ്യന്തര മന്ത്രി

> **Lead Summary:** **മനാമ:** രാജ്യത്തിനുനേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷ, അടിയന്തര തയ്യാറെടുപ്പുകൾ, അവശ്യ സേവനങ്ങളുടെ ലഭ്യത എന്നിവ വിലയിരുത്താൻ ബഹ്റൈനിലെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അതോറിറ്റികൾ സംയുക്ത യോഗം ചേർന്നു.പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സ്വാലിഹ് അൽ സ്വാലിഹ് എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

## Article Content

**മനാമ:** രാജ്യത്തിനുനേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷ, അടിയന്തര തയ്യാറെടുപ്പുകൾ, അവശ്യ സേവനങ്ങളുടെ ലഭ്യത എന്നിവ വിലയിരുത്താൻ ബഹ്റൈനിലെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് അതോറിറ്റികൾ സംയുക്ത യോഗം ചേർന്നു.പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സ്വാലിഹ് അൽ സ്വാലിഹ് എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സർക്കാർ പ്രതിനിധികൾക്ക് നേതൃത്വം നൽകി.പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കൽ, അവശ്യവസ്തുക്കളുടെ ലഭ്യത, അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം, നാശനഷ്ടങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

നിലനിൽക്കുന്ന ഭീഷണി സാഹചര്യത്തിൽ പരസ്പര സഹകരണവും സജ്ജീകരണങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്ന് യോഗം ഊന്നിപ്പറഞ്ഞു.ബഹ്റൈന്റെ പ്രതിരോധ തയ്യാറെടുപ്പുകൾ പെട്ടെന്നുണ്ടായതല്ലെന്നും കഴിഞ്ഞ 25 വർഷത്തെ കൃത്യമായ ആസൂത്രണത്തിന്റെയും സ്ഥാപനപരമായ വളർച്ചയുടെയും ഫലമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പ്രാദേശിക സാഹചര്യങ്ങൾ സർക്കാർ ഏജൻസികൾ നിരന്തരം നിരീക്ഷിച്ച് മുൻകൂട്ടി തന്നെ ഏകോപനത്തോടെ പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആയിരത്തിലധികം ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് വിജയകരമായി നേരിട്ടതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

സുപ്രീം ഡിഫൻസ് കൗൺസിൽ, കാബിനറ്റ്, കോ-ഓർഡിനേഷൻ കമ്മിറ്റി, സിവിൽ ഡിഫൻസ് കൗൺസിൽ, നാഷണൽ സിവിൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റി എന്നിവ മുഖേന മിലിട്ടറി, സെക്യൂരിറ്റി, സിവിൽ ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചുവരികയാണ്.രാജ്യത്തുടനീളം അടിയന്തര ഓപ്പറേഷൻ റൂമുകളും ഒഴിപ്പിക്കൽ പദ്ധതികളും സജീവമാക്കിയിട്ടുണ്ട്.

40,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന 35 അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ആംബുലൻസ്, മെഡിക്കൽ സേവനങ്ങൾ അതീവ ജാഗ്രതയിലാണ്.സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ സ്റ്റോക്കുകൾ നിലനിർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംഘർഷ സാഹചര്യം തുടരുന്നതിനാൽ ദേശീയ ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കൂടുതൽ മുൻകരുതലും ഏകോപനവും ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനങ്ങളും അടിയന്തര സുരക്ഷാ ആശയവിനിമയ മാർഗങ്ങളും ജനങ്ങളിലേക്ക് വേഗത്തിൽ വിവരങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

In response to Iranian attacks, Bahrain's legislative and executive authorities held a joint meeting chaired by Speaker Ahmed Al Musallam and Shura Chairman Ali Saleh Al Saleh, with Interior Minister General Shaikh Rashid bin Abdullah Al Khalifa leading the government side. The minister said Bahrain successfully countered over 1,000 Iranian missile-drone attacks, a result of 25 years of planning, with joint military-security-civil operations, 35 shelters for 40,000 people, emergency operation rooms, and strengthened cyber security.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384705/bahrain-joint-meeting-iranian-attacks-interior-minister-1000-missiles-defence)