---
title: "നാട്ടിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച 8000 ദിനാറിന്റെ സ്വർണവുമായി കടന്നു, രണ്ട് യുവതികൾ ബഹ്റൈനിൽ പിടിയിൽ"
english_title: "Bahrain Police Arrest Two Asian Women in 8000 Dinar Gold Theft Case Most Gold Recovered"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384698/bahrain-gold-theft-two-women-arrested-8000-dinar-naim-police-recovered"
published_at: "2026-09-29T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb79bf6d79e_bahrain-gold-theft-two-women-arrested-8000-dinar-naim-police-recovered.jpg"
keywords: ["Bahrain Crime News", "Bahrain Gold Theft", "Naim Police Station Bahrain", "Bahrain Expat Women Arrested"]
---

# നാട്ടിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച 8000 ദിനാറിന്റെ സ്വർണവുമായി കടന്നു, രണ്ട് യുവതികൾ ബഹ്റൈനിൽ പിടിയിൽ

> **Lead Summary:** **മനാമ: ** നാട്ടിലേക്ക് കൊണ്ടുപോകാൻ വിശ്വസിച്ച് ഏൽപ്പിച്ച 8,000 ബഹ്റൈനി ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ട് ഏഷ്യൻ പ്രവാസി വനിതകൾ ബഹ്റൈനിൽ അറസ്റ്റിലായി. അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത യുവതിയെയാണ് സ്വർണ ഉടമ വിശ്വസിച്ച് ആഭരണങ്ങൾ ഏൽപ്പിച്ചത്.

## Article Content

**മനാമ: ** നാട്ടിലേക്ക് കൊണ്ടുപോകാൻ വിശ്വസിച്ച് ഏൽപ്പിച്ച 8,000 ബഹ്റൈനി ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ രണ്ട് ഏഷ്യൻ പ്രവാസി വനിതകൾ ബഹ്റൈനിൽ അറസ്റ്റിലായി. അവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത യുവതിയെയാണ് സ്വർണ ഉടമ വിശ്വസിച്ച് ആഭരണങ്ങൾ ഏൽപ്പിച്ചത്.

ടിക്കറ്റെടുത്ത് യാത്ര പുറപ്പെടേണ്ട സമയം കഴിഞ്ഞിട്ടും ഇവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഉടമ നഈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് പോയിട്ടില്ലെന്നും ബഹ്റൈനിൽ തന്നെയുണ്ടെന്നും കണ്ടെത്തി. തുടർന്നുള്ള തിരച്ചിലിൽ യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.ചോദ്യം ചെയ്യലിൽ ഇവരുടെ സഹതാമസക്കാരിയായ മറ്റൊരു ഏഷ്യൻ വനിതയ്ക്കും കേസിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് അവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നഈം പൊലീസ് സ്റ്റേഷനിലെ മേജർ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും ഏകോപനവുമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായകമായത്.മോഷണം പോയ സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും കണ്ടെടുത്ത് ഉടമസ്ഥന് തിരികെ നൽകിയതായി പൊലീസ് അറിയിച്ചു.

ശേഷിക്കുന്ന ആഭരണങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ച ശേഷം കേസ് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.പൊലീസിന്റെ വേഗത്തിലുള്ള നടപടിക്ക് പരാതിക്കാരനും കുടുംബവും നന്ദി അറിയിച്ചു.

English Summary:

Bahrain's Naim Police arrested two Asian expat women who absconded with gold jewelry worth 8,000 Bahraini Dinar that was entrusted to them to be carried to their home country. Police investigation revealed the main accused had not left Bahrain. Most of the stolen gold was recovered and returned to the owner. The operation was led by Major Khalifa Al Thani.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384698/bahrain-gold-theft-two-women-arrested-8000-dinar-naim-police-recovered)