---
title: "അബൂദബി-ദുബൈ യാത്രയ്ക്ക് പുതിയ സൗകര്യങ്ങൾ; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി, ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് നാളെ ആരംഭിക്കും"
english_title: "Etihad Rail Passenger Service to Begin Tomorrow with Abu Dhabi-Dubai Connectivity"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384679/etihad-rail-passenger-service-abu-dhabi-dubai"
published_at: "2026-09-29T12:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb66f150a8c_etihad-rail-passenger-service-abu-dhabi-dubai.jpg"
keywords: ["Etihad Rail", "UAE Rail", "Abu Dhabi", "Dubai", "Al Yalayis Station", "Dubai Metro"]
---

# അബൂദബി-ദുബൈ യാത്രയ്ക്ക് പുതിയ സൗകര്യങ്ങൾ; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി, ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് നാളെ ആരംഭിക്കും

> **Lead Summary:** അബൂദബി: യുഎഇയിലെ യാത്രാ സംവിധാനത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇത്തിഹാദ് റെയിലിന്റെ യാത്രാ സര്‍വിസ് നാളെ ആരംഭിക്കും. സര്‍വിസ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുന്നോടിയായി അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍നിന്ന് ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനിലേക്കുള്ള യാത്രയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി.

## Article Content

അബൂദബി: യുഎഇയിലെ യാത്രാ സംവിധാനത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇത്തിഹാദ് റെയിലിന്റെ യാത്രാ സര്‍വിസ് നാളെ ആരംഭിക്കും. സര്‍വിസ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുന്നോടിയായി അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍നിന്ന് ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനിലേക്കുള്ള യാത്രയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി.

രാവിലെ 8.40ന് പുറപ്പെട്ട ട്രെയിന്‍ 9.47ഓടെ ദുബൈയിലെത്തി. അല്‍ യലായിസ് സ്റ്റേഷനില്‍ ആദ്യ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ദുബൈ മെട്രോ, പ്ലാറ്റ്‌ഫോം, പാര്‍ക്കിങ് എന്നിവിടങ്ങളിലേക്കുള്ള വ്യക്തമായ ദിശാസൂചനകളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെ റെയില്‍ ശൃംഖലയുടെ രൂപരേഖയും സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അല്‍ യലായിസ് സ്റ്റേഷനില്‍നിന്ന് ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ് മെട്രോ സ്റ്റേഷനിലേക്ക് പ്രത്യേക കാല്‍നടപ്പാലം വഴി ഏകദേശം അഞ്ച് മിനിറ്റിനുള്ളില്‍ എത്താം.

ഇതുവഴി ദുബൈ മെട്രോ റെഡ് ലൈനിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മാറാനാകും. എക്‌സ്‌പോ സിറ്റിയിലേക്ക് കാറില്‍ ഏകദേശം 10 മിനിറ്റും അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഏകദേശം 27 മിനിറ്റുമാണ് യാത്രാസമയം.

ദുബൈയിലെത്തുന്ന എത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ നോള്‍ വണ്‍ഡേ പാസ് ട്രെയിന്‍ ടിക്കറ്റിനൊപ്പം തന്നെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ദിര്‍ഹം മുതലാണ് പാസ്.

ദുബൈ മെട്രോ, ട്രാം, ആര്‍ടിഎ ബസുകള്‍ എന്നിവയില്‍ അര്‍ഹമായ സര്‍വിസുകള്‍ക്ക് ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. റെഗുലര്‍ പാസിന് 22 ദിര്‍ഹവും ഗോള്‍ഡ് പാസിന് 42 ദിര്‍ഹവുമാണ് നിരക്ക്.

ട്രെയിന്‍ ടിക്കറ്റും നോള്‍ പാസും ഇത്തിഹാദ് റെയില്‍ ആപ്പിലൂടെയോ ബുക്കിങ് സ്ഥിരീകരണ ഇമെയിലിലൂടെയോ ലഭിക്കുന്ന ഒരൊറ്റ ക്യുആര്‍ കോഡ് ഉപയോഗിച്ച് ഉപയോഗിക്കാം. അബൂദബി- ദുബൈ യാത്രയ്‌ക്കൊപ്പം ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിലേക്കുള്ള തുടര്‍യാത്രയും സുഗമമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

**English Summary:**

Etihad Rail’s passenger service in the UAE will begin tomorrow. A trial run from Mohammed Bin Zayed City Station in Abu Dhabi to Al Yalayis Station in Dubai has been completed. The train departed at 8:40 am and reached Dubai around 9:47 am. Al Yalayis Station is connected to Jumeirah Golf Estates Metro Station by a dedicated pedestrian bridge, allowing passengers to access the Dubai Metro Red Line. Nol One-Day Passes can also be booked along with train tickets, starting at AED 22.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384679/etihad-rail-passenger-service-abu-dhabi-dubai)