---
title: " റാസൽഖൈമയിലെ ‘പ്രേതഭവനം’ അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപ്പനയ്ക്ക്; വില 2.35 കോടി ദിർഹം"
english_title: " Al Qasimi Palace in Ras Al Khaimah Listed for Sale Again at AED 23.5 Million"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384062/al-qasimi-palace-ras-al-khaimah-for-sale-aed-23-5-million"
published_at: "2026-09-24T16:57:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab509946a22d_al-qasimi-palace-ras-al-khaimah-for-sale-aed-23-5-million.jpg"
keywords: ["Al Qasimi Palace", "Ras Al Khaimah", "Haunted Palace", "UAE Real Estate"]
---

#  റാസൽഖൈമയിലെ ‘പ്രേതഭവനം’ അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപ്പനയ്ക്ക്; വില 2.35 കോടി ദിർഹം

> **Lead Summary:** ദുബായ്: റാസൽഖൈമയിലെ ‘പ്രേതഭവനം’ എന്നറിയപ്പെടുന്ന അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപ്പനയ്ക്ക്. കൊട്ടാരത്തിന്റെ നിഗൂഢമായ ചരിത്രവും അപൂർവമായ നിർമാണ സവിശേഷതകളുമാണ് നിലവിൽ ഇതിന് വിപണി മൂല്യം നൽകുന്നതെന്നാണ് റിപ്പോർട്ട്. ഫർണിച്ചറുകൾ ഇല്ലാതെ 2.25 കോടി ദിർഹത്തിനും, അപൂർവ പുരാവസ്തുക്കളും ശേഖരങ്ങളും ഉൾപ്പെടെ 2.35 കോടി ദിർഹത്തിനുമാണ് കൊട്ടാരം വിപണിയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

## Article Content

ദുബായ്: റാസൽഖൈമയിലെ ‘പ്രേതഭവനം’ എന്നറിയപ്പെടുന്ന അൽ ഖാസിമി കൊട്ടാരം വീണ്ടും വിൽപ്പനയ്ക്ക്. കൊട്ടാരത്തിന്റെ നിഗൂഢമായ ചരിത്രവും അപൂർവമായ നിർമാണ സവിശേഷതകളുമാണ് നിലവിൽ ഇതിന് വിപണി മൂല്യം നൽകുന്നതെന്നാണ് റിപ്പോർട്ട്. ഫർണിച്ചറുകൾ ഇല്ലാതെ 2.25 കോടി ദിർഹത്തിനും, അപൂർവ പുരാവസ്തുക്കളും ശേഖരങ്ങളും ഉൾപ്പെടെ 2.35 കോടി ദിർഹത്തിനുമാണ് കൊട്ടാരം വിപണിയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

33,827 ചതുരശ്ര അടി വിസ്തീർണമുള്ള നിർമ്മിതിയോടെ 1,91,742 ചതുരശ്ര അടി സ്ഥലത്താണ് കൂറ്റൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 35 കിടപ്പുമുറികളുള്ള സൗധത്തിന്റെ വിൽപ്പനച്ചുമതല ബിഷപ്പ് ആൻഡ് നൈറ്റ് എന്ന റിയൽ എസ്റ്റേറ്റ് ഏജൻസിക്കാണ്. പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് അഡൈ്വസറായ അബൂബക്കർ സിദ്ദീഖുമായി ചേർന്നാണ് കൊട്ടാരം നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ബ്രിട്ടൻ, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര നിക്ഷേപകർ കൊട്ടാരം വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ഇതിനോടകം കരാറുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് അബൂബക്കർ വ്യക്തമാക്കി. റാസൽഖൈമയിലെ അൽ മർജാൻ ഐലൻഡിന്റെയും ടൂറിസം മേഖലയുടെയും വൻ വികസന സാധ്യതകളാണ് നിക്ഷേപകരെ പ്രധാനമായും ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

35 വർഷത്തെ നിഗൂഢതയും 50 കോടി ദിർഹത്തിന്റെ നിർമ്മാണവും

1985-ൽ റാസൽഖൈമ ഭരണകുടുംബത്തിലെ അംഗമായിരുന്ന പരേതനായ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ ഖാസിമിയാണ് കുന്നിൻ മുകളിൽ കൊട്ടാരം പണിതുയർത്തിയത്. ഇറാൻ, മൊറോക്കോ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരെ എത്തിച്ചാണ് കൊട്ടാരത്തിന്റെ നിർമാണം നടത്തിയതെന്നാണ് വിവരങ്ങൾ.

വിചിത്രവും അപൂർവവുമായ കൊത്തുപണികളും ചുവർച്ചിത്രങ്ങളും മൊസൈക്കുകളും കൊട്ടാരത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഫ്രഞ്ച്, ബെൽജിയൻ ക്രിസ്റ്റൽ ചാൻഡിലിയറുകളും പാവകളുടെയും പക്ഷികളുടെയും പ്ലാസ്റ്റർ ശിൽപങ്ങളും കൊട്ടാരത്തിന് അലങ്കാരമായി. അക്കാലത്ത് 50 കോടി ദിർഹം ചെലവിട്ടാണ് കൊട്ടാരം പൂർത്തിയാക്കിയതെന്നാണ് കണക്ക്.

എന്നാൽ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള ശിൽപങ്ങളോടുള്ള കുടുംബത്തിന്റെ എതിർപ്പുകൾ കാരണം ശൈഖ് അബ്ദുൽ അസീസ് ഇവിടെ താമസിച്ചിരുന്നില്ല. തുടർച്ചയായി 35 വർഷത്തോളം കൊട്ടാരം ആൾപ്പാർപ്പില്ലാതെ കിടന്നതോടെയാണ് രാത്രികാലങ്ങളിൽ ലൈറ്റുകൾ മിന്നിമറയുന്നതായും വിചിത്ര ശബ്ദങ്ങൾ കേൾക്കുന്നതായുമുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങിയത്.

തുടർന്ന് 2019-ൽ താരിഖ് അഹമ്മദ് അൽ ഷർഹാൻ കൊട്ടാരത്തെ ‘അൽ ഖസർ അൽ ഗാമിദ്’ (ആശയക്കുഴപ്പങ്ങളുടെ കൊട്ടാരം) എന്ന പേരിൽ മ്യൂസിയമാക്കി മാറ്റി. നിലവിൽ ഒരാൾക്ക് 75 ദിർഹം ടിക്കറ്റ് നിരക്കിൽ കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.

പഴയകാല ചരിത്രപരമായ നിയന്ത്രണങ്ങളൊന്നും ഈ വസ്തുവിന് ബാധകമല്ലാത്തതിനാൽ പുതിയ ഉടമയ്ക്ക് കൊട്ടാരം പൂർണമായും പൊളിച്ചുപണിയുകയോ നവീകരിക്കുകയോ നിലവിലുള്ള മാതൃകയിൽ തന്നെ നിലനിർത്തുകയോ ചെയ്യാം. വലിയ കുടുംബത്തിന് ഒത്തുചേരാനുള്ള സ്വകാര്യ വസതിയായും, അനുമതികൾക്ക് വിധേയമായി വൻകിട റിസോർട്ടായോ ടൂറിസം കേന്ദ്രമായോ മാറ്റാനും സാധിക്കും.

റാസൽഖൈമയുടെ ടൂറിസം മേഖലയിലെ വികസന സാധ്യതകൾ കൂടി കണക്കിലെടുത്താണ് കൊട്ടാരം നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ചരിത്രവും നിഗൂഢതയും വാസ്തുവിദ്യാ സവിശേഷതകളും ഒത്തുചേരുന്ന അൽ ഖാസിമി കൊട്ടാരത്തിന്റെ വിൽപ്പന ഇതിനകം അന്താരാഷ്ട്ര നിക്ഷേപകരുടെ ശ്രദ്ധ നേടിയിട്ടുണ്ടെന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

**
**

**English Summary:**

> Al Qasimi Palace, known as the “haunted palace” of Ras Al Khaimah, has been listed for sale again. The palace is priced at AED 22.5 million without furniture and AED 23.5 million including rare antiques and collections. Built in 1985 by the late Sheikh Abdul Aziz bin Humaid Al Qasimi, the 35-bedroom palace stands on 191,742 square feet of land with a built-up area of 33,827 square feet. It remained unoccupied for 35 years before being converted into a museum in 2019. International investors from Britain, India and the Gulf have reportedly shown interest.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384062/al-qasimi-palace-ras-al-khaimah-for-sale-aed-23-5-million)