---
title: "റിയാദിനെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കിന് തീ, സർവീസുകൾ വൈകി"
english_title: "Houthi Rebels Attack Riyadh Again Fire Near Airport Flights Delayed Saudi Airlines Karipur Flight Diverted To Buraidah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383460/houthi-rebels-attack-riyadh-again-fire-near-airport-flights-delayed-karipur-saudi-airlines-diverted"
published_at: "2026-09-19T17:12:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae755f0e515_houthi-rebels-attack-riyadh-again-fire-near-airport-flights-delayed-karipur-saudi-airlines-diverted.jpg"
keywords: ["Houthi Attack Riyadh", "Saudi Arabia", "Riyadh Airport Fire Fuel Tank"]
---

# റിയാദിനെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; വിമാനത്താവളത്തിന് സമീപം ഇന്ധന ടാങ്കിന് തീ, സർവീസുകൾ വൈകി

> **Lead Summary:** റിയാദ്​: യമനിലെ ഹൂതി വിമതർ സൗദി അറേബ്യയി​ലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ റിയാദിലേക്ക്​ ഹൂതികൾ വീണ്ടും ആക്രമണം നടത്തി.

## Article Content

റിയാദ്​: യമനിലെ ഹൂതി വിമതർ സൗദി അറേബ്യയി​ലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ റിയാദിലേക്ക്​ ഹൂതികൾ വീണ്ടും ആക്രമണം നടത്തി.

വിമാനത്താവളത്തിന്​ സമീപം തീപിടിത്തവുമുണ്ടായി. ഇന്ധന ടാങ്കിനാണ്​ തീപിടിച്ചത്​. ഇതോടെ വിമാന സർവീസുകൾ വൈകി. രണ്ട്​ മണിക്കൂറോളമാണ്​ വിമാന സർവിസുകൾ വൈകിയത്​. ഇപ്പോൾ ഇത്​ പുനഃസ്ഥാപിക്കുകയാണ്​.

കരിപ്പൂരിൽ നിന്ന്​ റിയാദിലേക്കുള്ള സൗദി എയർലൈൻസ്​ വിമാനം ബുറൈദയിൽ ഇറക്കിയിരുന്നു. ഇത്​ റിയാദിലേക്ക്​ ഉടൻ പുറപ്പെടുമെന്നാണ്​ അറിയുന്നത്​. റിയാദിൽ ഇറക്കാനാകാത്തതിനാൽ വഴി തിരിച്ചു വിട്ടതായിരുന്നു.

ഇന്ന്​ പുലർച്ചെയും ഹൂതികൾ റിയാദിലേക്ക്​ ആക്രമണ ശ്രമം നടത്തിയിരുന്നു. പുലർച്ചെ മുതൽ റിയാദിലും ഖർജിലും ആണ് മുന്നറിയിപ്പ് ലഭിച്ചത്. ചില ഭാഗങ്ങളിൽ സ്ഫോടന ശബ്ദമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു.

വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന്​ ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്​പി റിപ്പോർട്ട് ചെയ്തു. നേരത്തെ ജിദ്ദ, അസീർ, അൽഉല, ത്വാഇഫ് മേഖലയിൽ നൽകിയ മുന്നറിയിപ്പ് പിൻവലിച്ചിരുന്നുകഴിഞ്ഞ ദിവസം ത്വാഇഫിൽ നടന്ന ആ​ക്രമണത്തിൽ യമൻ പൗരനായ ലോൺഡ്രി ജീവനക്കാരൻ മരിച്ചിരുന്നു.

സൗദി സ്വദേശിനിക്കും പാകിസ്താൻ പൗരനും പരിക്കേറ്റിരുന്നു. ഏതാനും ദിവസങ്ങളായി സൗദിയിലേക്ക്​ ഹൂതി ആക്രമണം തുടരുകയാണ്​. ആദ്യ ഘട്ടത്തിൽ അതിർത്തി പ്രദേശങ്ങളിൽ ആയിരുന്നു ആ​ക്രമണം.

കഴിഞ്ഞയാഴ്ച സൗദിയുടെ എണ്ണ പൈപ്പ്​ലൈനിന്​ നേരെ ഇറാഖിൽ നിന്ന്​ ഡ്രോൺ ആക്രമണവും നടത്തിയിരുന്നു. ദിവസങ്ങൾക്ക്​ മുമ്പ്​ മക്കക്ക്​ നേരെ ആക്രമണത്തിന്​ ശ്രമിച്ചതായി സൗദി സഖ്യ സേന കുറ്റപ്പെടുത്തിയിരുന്നു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിന്​ നേരെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിന്‍റെയും സഖ്യ സേനയുടെയും നേതൃത്വ​ത്തിൽ ഒരു മാസം മുമ്പ്​ ആ​ക്രമണം നടത്തിയിരുന്നു.

തുടർന്ന്​ യമനിൽ ഹൂതികളും സർക്കാർ സേനയും ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. യമനിലെ മോഖ തുറമുഖവും ബാബ്​ അൽ മന്ദബ്​ കടലിടുക്കിന്‍റെ നിയന്ത്രണവും ഹൂതികൾ പിടിച്ചെടുത്തിരുന്നു. സൗദി കപ്പലുകൾക്ക്​ ചെങ്കടലിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഈ രീതിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ്​ സൗദി തലസ്​​ഥാനത്തേക്ക്​ ആക്രമണം നടത്തിയത്​.

**English Summary:**

Houthi rebels from Yemen continued attacks targeting civilian centers in Saudi Arabia. On Saturday afternoon they attacked Riyadh again, causing fire near airport fuel tank and delaying flights by two hours. Saudi Airlines flight from Karipur to Riyadh was diverted to Buraidah. Early morning attack attempt also reported with warnings in Riyadh and Kharj and explosion sounds reported by AFP. Previous attack in Taif killed Yemeni laundry worker and injured Saudi woman and Pakistani national. Tensions escalated after coalition attack on Sanaa airport a month ago, with Houthis seizing Mokha port and Bab al-Mandab strait control and banning Saudi ships in Red Sea.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383460/houthi-rebels-attack-riyadh-again-fire-near-airport-flights-delayed-karipur-saudi-airlines-diverted)