---
title: "ഗതാഗതക്കുരുക്കിന് വിട! ഷാർജയിൽ നിന്ന് അബൂദബിയിലേക്ക് അതിവേഗം എത്താം; ദുബായിൽ 'ഫോർത്ത് കോറിഡോർ' പദ്ധതി പ്രഖ്യാപിച്ചു"
english_title: "Dubai Announces 12 Lane Fourth Corridor Highway Connecting Sharjah And Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383077/dubai-announces-12-lane-fourth-corridor-highway-sharjah-abu-dhabi"
published_at: "2026-09-17T11:36:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab836680b13_dubai-announces-12-lane-fourth-corridor-highway-sharjah-abu-dhabi.jpg"
keywords: ["Dubai Fourth Corridor Highway", "UAE Highway Projects", "Highway"]
---

# ഗതാഗതക്കുരുക്കിന് വിട! ഷാർജയിൽ നിന്ന് അബൂദബിയിലേക്ക് അതിവേഗം എത്താം; ദുബായിൽ 'ഫോർത്ത് കോറിഡോർ' പദ്ധതി പ്രഖ്യാപിച്ചു

> **Lead Summary:** ദുബായ്: ഷാർജ-അബൂദബി അതിർത്തികളെ തമ്മിൽ ബന്ധിപ്പിച്ച് ദുബായിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. 80 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന 12 വരി പാത പൂർത്തിയാകുന്നതോടെ അബൂദബിക്കും ഷാർജക്കുമിടയിലെ യാത്രാസമയത്തിൽ 60 ശതമാനം കുറവ്‌ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

## Article Content

ദുബായ്: ഷാർജ-അബൂദബി അതിർത്തികളെ തമ്മിൽ ബന്ധിപ്പിച്ച് ദുബായിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ചു. 80 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന 12 വരി പാത പൂർത്തിയാകുന്നതോടെ അബൂദബിക്കും ഷാർജക്കുമിടയിലെ യാത്രാസമയത്തിൽ 60 ശതമാനം കുറവ്‌ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഫോർത്ത് കോറിഡോർ' (Fourth Corridor) എന്ന പേരിലാണ് ദുബായിലൂടെ കടന്നുപോകുന്ന ഈ പുതിയ ഹൈവേ നിർമിക്കുന്നത്. നിലവിലെ E11, E311, E611 എന്നീ പ്രമുഖ ഹൈവേകൾക്ക് സമാന്തരമായാണ് ഈ പാത വരുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഈ ബൃഹത് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

ഷാർജ അതിർത്തിയിലെ മലീഹക്ക് അടുത്തുള്ള അൽ ശുനൂഫിൽ നിന്ന് ആരംഭിച്ച് അബൂദബിയിലെ അൽ ഫയ സ്ട്രീറ്റിലേക്ക് എത്തുന്ന വിധത്തിലാണ് റോഡിന്റെ ഘടന. ദുബായ്-അൽ ഐൻ ഹൈവേ, അൽ ഖുദ്ര റോഡ്, ലെഹ്ബാബ് റോഡ് എന്നിവയെ ഈ പുതിയ ഹൈവേ മുറിച്ചുകടന്നുപോകും. ഇരു ദിശകളിലേക്കുമായി 12 ലൈനുകളുള്ള ഈ പാതയിലൂടെ മണിക്കൂറിൽ 24,000 വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും.

പദ്ധതിയുടെ ഭാഗമായി 72 മേൽപ്പാലങ്ങളും 17 അടിപ്പാതകളും (തുരങ്കങ്ങൾ) നിർമിക്കും. ജബൽ അലിയിലെ അൽ മക്തും അന്താരാഷ്ട്ര വിമാനത്താവളം, ഇത്തിഹാദ് റെയിൽ ശൃംഖല എന്നിവയെ കൂടി നേരിട്ട് ബന്ധിപ്പിക്കുന്ന വിധത്തിലാണ് ഫോർത്ത് കൊറിഡോറിന്റെ രൂപകൽപ്പന. ദുബായിലെ പ്രധാന താമസമേഖലകളെയും വ്യവസായ കേന്ദ്രങ്ങളെയും കോർത്തിണക്കുന്ന പുതിയ ഹൈവേ യു.എ.ഇയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും.

**English Summary:**

Dubai Crown Prince Sheikh Hamdan announced a massive 80-kilometer, 12-lane highway project called the 'Fourth Corridor' to connect the borders of Sharjah and Abu Dhabi. Running parallel to E11, E311, and E611, the new route starts from Al Shunoof near Maleha in Sharjah and connects to Al Faya Street in Abu Dhabi. Featuring 72 bridges and 17 tunnels, the highway is expected to cut travel time between Sharjah and Abu Dhabi by 60 percent. It will also link directly to Al Maktoum International Airport and the Etihad Rail network.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383077/dubai-announces-12-lane-fourth-corridor-highway-sharjah-abu-dhabi)