---
title: "മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഹൂതികൾ ആരോപണം നിഷേധിച്ചു"
english_title: " Saudi Led Coalition Says Drone Aimed At Mecca Intercepted Houthis Deny Targeting Holy City"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382881/saudi-coalition-says-drone-aimed-at-mecca-intercepted-houthis-deny"
published_at: "2026-09-16T10:47:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f443b571d2f_makkah.jpg"
keywords: ["Mecca Drone", "Saudi Coalition", "Houthi Attack", "Saudi Security Alert"]
---

# മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഹൂതികൾ ആരോപണം നിഷേധിച്ചു

> **Lead Summary:** റിയാദ്: വിശുദ്ധ നാഗരിയായ മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി വ്യക്തമാക്കി.

## Article Content

റിയാദ്: വിശുദ്ധ നാഗരിയായ മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ഡ്രോൺ തകർത്തതെന്ന് സഖ്യസേനാ വക്താവ് തുർക്കി അൽ മാലികി വ്യക്തമാക്കി.

മക്കയിലെ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോൺ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ നഗരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സംഭവത്തിൽ സൗദി അധികൃതർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മക്കയിൽ ചൊവ്വാഴ്ച ആദ്യമായി സുരക്ഷാ മുന്നറിയിപ്പ് സജീവമാക്കിയെങ്കിലും ഏതാനും മിനിറ്റുകൾക്കകം പിൻവലിച്ചു. സൗദിയിലെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിലും തായിഫിലും സമാന മുന്നറിയിപ്പ് നൽകിയിരുന്നു.

വിശ്വാസികളിൽ ഭീതി സൃഷ്ടിക്കാനും സാധാരണക്കാർക്ക് ദോഷം വരുത്താനുമുള്ള ശ്രമമാണ് ഡ്രോൺ ആക്രമണമെന്ന് അൽ മാലികി ആരോപിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, മക്കയിലേക്കോ മറ്റ് ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളിലേക്കോ തങ്ങളുടെ സേന ഭീഷണി ഉയർത്തുന്നില്ലെന്ന് ഹൂതികൾ അറിയിച്ചു. സൗദിയുടെ ആരോപണം തെറ്റായ വിവരമാണെന്നും ഹൂതി സൈനിക വൃത്തങ്ങൾ യമൻ വാർത്താ ഏജൻസിയായ സബയോട് പറഞ്ഞു.

2017ന് ശേഷം മക്ക ലക്ഷ്യമിട്ടുള്ള ആക്രമണവുമായി ബന്ധപ്പെട്ട് സൗദി നഗരത്തിൽ സുരക്ഷാ മുന്നറിയിപ്പ് സജീവമാകുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. 2015ൽ യമനിലെ ഹൂതി നിയന്ത്രണത്തെ തുടർന്ന് സൗദി അറേബ്യ ഇടപെട്ടതോടെയാണ് സംഘർഷം ആരംഭിച്ചത്.

2022 ഏപ്രിലിലെ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ സൗദി പ്രദേശത്തേക്കുള്ള ഹൂതി ആക്രമണങ്ങൾ വലിയ തോതിൽ കുറച്ചിരുന്നു.

എന്നാൽ ജൂലൈയിൽ സൗദി കപ്പൽഗതാഗതത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം സംഘർഷം വീണ്ടും രൂക്ഷമായി. സെപ്റ്റംബർ ആദ്യവാരത്തിൽ സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.

ചൊവ്വാഴ്ച ഖമീസ് മുശൈത്ത്, അബ്ഹ, തായിഫ് നഗരങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു. നഗരപ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382881/saudi-coalition-says-drone-aimed-at-mecca-intercepted-houthis-deny)