---
title: "ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ഉടൻ; അപേക്ഷിക്കേണ്ടത് ഓൺലൈനായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ"
english_title: "Bahrain Hajj 2027 Application Dates Announced Online Registration From September 27"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382586/bahrain-hajj-application-dates-announced-september-27-online-registration"
published_at: "2026-09-14T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7c7d5a1d63_bahrain-hajj-application-dates-announced-september-27-online-registration.jpg"
keywords: ["Bahrain Hajj 2027", "Bahrain Hajj Committee", "Hajj Registration Bahrain"]
---

# ബഹ്‌റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ഉടൻ; അപേക്ഷിക്കേണ്ടത് ഓൺലൈനായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

> **Lead Summary:** മനാമ: വരുന്ന വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള തീയതികൾ ബഹ്‌റൈൻ ഹജ്ജ്, ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മുതൽ ഒക്ടോബർ മൂന്നിന് അർധരാത്രി വരെ ഔദ്യോഗിക ഇ-പ്ലാറ്റ്‌ഫോമായ haj.gov.bh വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

## Article Content

മനാമ: വരുന്ന വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷിക്കാനുള്ള തീയതികൾ ബഹ്‌റൈൻ ഹജ്ജ്, ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച ഉച്ചക്ക് മൂന്ന് മുതൽ ഒക്ടോബർ മൂന്നിന് അർധരാത്രി വരെ ഔദ്യോഗിക ഇ-പ്ലാറ്റ്‌ഫോമായ haj.gov.bh വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

അപ്‌ഗ്രേഡ് ചെയ്‌ത ഇ-കീ 2.0 ഉപയോഗിച്ചാണ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്. ഒരു അപേക്ഷയിൽ പ്രധാന അപേക്ഷകനോടൊപ്പം പരമാവധി നാല് പേരെ വരെ ഉൾപ്പെടുത്താൻ സൗകര്യമുണ്ട്.

അപേക്ഷയിലെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുകയും വ്യക്തിവിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പട്ടിക പ്രകാരം ഹജ്ജ് നിർവ്വഹിക്കുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം അപേക്ഷകരും കൂടെയുള്ളവരും.

കൂടാതെ, ഐഡന്റിറ്റി കാർഡുകൾ പ്രാബല്യമുള്ളതായിരിക്കണം. ഹജ്ജ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രധാന അറിയിപ്പുകൾ യഥാസമയം ലഭിക്കുന്നതിനായി അപേക്ഷകർ ദേശീയ ഗവൺമെന്റ് നോട്ടിഫിക്കേഷൻ സിസ്റ്റത്തിൽ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷൻ അവസാനിച്ച ശേഷം മുൻഗണനാ മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യരായവർക്ക് താൽക്കാലിക അനുമതി നൽകും. താൽക്കാലിക അനുമതി ലഭിക്കുന്നവർ ബുക്കിംഗ് സ്ഥിരീകരിക്കുന്നതിനായി വ്യക്തിയൊന്നിന് 500 ബഹ്‌റൈനി ദിനാർ അടയ്ക്കണം.

ഈ തുക പിന്നീട് അന്തിമ ഹജ്ജ് പാക്കേജ് തുകയിൽ കുറവുചെയ്യും. ഹജ്ജ് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കും. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ ഹജ്ജ് പാക്കേജുകളോ പരസ്യങ്ങളോ പ്രസിദ്ധീകരിക്കാൻ ഏജൻസികൾക്ക് അനുമതിയില്ലെന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു.

**English Summary:**

Bahrain Supreme Committee for Hajj and Umrah announced application dates for next year's Hajj pilgrimage. Online applications can be submitted via haj.gov.bh from 3 pm on Sunday September 27 to midnight October 3 using upgraded e-Key 2.0. One application can include up to four companions. Applicants must have no prohibitive diseases as per Health Ministry list and valid ID cards. After registration, temporary approval will be given after priority screening. Approved applicants must pay 500 Bahraini Dinar per person to confirm booking, adjustable in final package. Date for selecting Hajj agencies will be announced later and agencies cannot publish packages until official permission.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382586/bahrain-hajj-application-dates-announced-september-27-online-registration)