---
title: "വ്യക്തിവൈരാഗ്യം ഇരട്ടക്കൊലയിൽ...! ഷാർജ ഫ്ലാറ്റിലെ രണ്ട് സഹോദരിമാരുടെ കൊലപാതകം; മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി പൊലീസ്"
english_title: "Sharjah Flat Murder Case Two Kazakh Sisters Killed Compatriot Arrested Police Says Dispute Led To Crime"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381076/sharjah-flat-two-kazakh-sisters-murder-case-compatriot-arrested"
published_at: "2026-09-04T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a5aeb8f7fd_sharjah-flat-two-kazakh-sisters-murder-case-compatriot-arrested.jpg"
keywords: ["Missing Sisters Death", "Sharjah Police", "Kazakhstan Consulate", "UAE"]
---

# വ്യക്തിവൈരാഗ്യം ഇരട്ടക്കൊലയിൽ...! ഷാർജ ഫ്ലാറ്റിലെ രണ്ട് സഹോദരിമാരുടെ കൊലപാതകം; മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി പൊലീസ്

> **Lead Summary:** ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്.

## Article Content

ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ കസഖിസ്ഥാൻ സ്വദേശികളായ രണ്ടു സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അതേ രാജ്യക്കാരനായ യുവാവാണ് പിടിയിലായത്.

ശാസ്ത്രീയ അന്വേഷണം, ഇന്റലിജൻസ് വിവര ശേഖരണം, ആധുനിക വിവര വിശകലന രീതികൾ എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനകമാണ് കേസിന് പൊലീസ് തുമ്പുണ്ടാക്കിയത്.

കൊല്ലപ്പെട്ട പെൺകുട്ടികളും പ്രതിയും തമ്മിൽ വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു റസിഡൻഷ്യൽ അപാർട്മെന്റിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഷാർജ പൊലീസിലെ ക്രിമിനൽ സെക്യൂരിറ്റി ആൻഡ് പോർട്സ് അഫയേഴ്സ് ജനറൽ ഡിപാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

അപകടസ്ഥലം സൂക്ഷ്മമായി പരിശോധിച്ചും തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ബ്രി. ഡോ. ഖലീഫ ബൽഹാജ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളും വിവരങ്ങളും വിശകലനം ചെയ്തതോടെ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും സാധിച്ചു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. കൃത്യമായ ഏകോപനത്തോടെയും വേഗത്തിലും കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയ ക്രിമിനൽ അന്വേഷണ സംഘത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ അഭിനന്ദിച്ചു.

20, 22 വയസ്സുള്ള സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവസങ്ങൾക്ക് മുൻപ് അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിൽ താഴെയായി യുഎഇയിൽ ജീവിക്കുന്ന ഇവർ ബ്യൂട്ടി സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു.

ഓഗസ്റ്റ് 17 മുതൽ കുടുംബത്തിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ദുബായിലെ കസഖിസ്ഥാൻ കോൺസുലേറ്റിൽ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഓഗസ്റ്റ് 28-ന് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.

കേസുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

**English Summary:**

Sharjah: Sharjah Police arrested a young man from Kazakhstan in connection with murder of two Kazakh sisters aged 20 and 22 found dead in a flat. Police said scientific investigation, intelligence gathering and modern data analysis helped crack case quickly. Victims and accused had personal relationship and dispute led to murder. Team from General Department of Criminal Security and Ports Affairs started probe after report of serious crime in residential apartment. Criminal Investigation Director Brig Dr Khalifa Balhaj said scene was examined minutely and evidence collected. Accused confessed during interrogation and case handed over to public prosecution. Sharjah Police Commander in Chief Lt Gen Abdullah Mubarak Bin Amer congratulated team. Sisters working in beauty salon, living in UAE less than a year, went missing since August 17, family informed Kazakhstan consulate in Dubai. Bodies repatriated August 28. Police urged not to spread unverified rumors.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381076/sharjah-flat-two-kazakh-sisters-murder-case-compatriot-arrested)