---
title: " കണ്ണീരായി വലീദ്; വാട്ടർ കൂളറിൽനിന്ന് ഷോക്കേറ്റ എട്ടു വയസ്സുകാരൻ മരിച്ചു"
english_title: "Eight Year Old Boy Dies Of Electric Shock From Water Cooler In Al Ain UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380231/eight-year-old-electrocuted-water-cooler-al-ain-uae"
published_at: "2026-08-28T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91584a661d4_eight-year-old-electrocuted-water-cooler-al-ain-uae.jpg"
keywords: ["UAE News", "UAE Accident", "Child Death UAE", "Electric Shock"]
---

#  കണ്ണീരായി വലീദ്; വാട്ടർ കൂളറിൽനിന്ന് ഷോക്കേറ്റ എട്ടു വയസ്സുകാരൻ മരിച്ചു

> **Lead Summary:** അൽ ഐൻ (യു.എ.ഇ) : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരുന്ന എട്ടു വയസ്സുകാരൻ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. അൽ ഐനിലെ പാർക്കിന് സമീപം വെച്ചുണ്ടായ അപകടത്തിൽ അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് ആണ് മരിച്ചത്.

## Article Content

അൽ ഐൻ (യു.എ.ഇ) : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരുന്ന എട്ടു വയസ്സുകാരൻ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. അൽ ഐനിലെ പാർക്കിന് സമീപം വെച്ചുണ്ടായ അപകടത്തിൽ അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് ആണ് മരിച്ചത്.

മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുന്ന കുടുംബത്തിനും സഹപാഠികൾക്കും നാടിനും ഈ ദാരുണ സംഭവം വലിയ വിങ്ങലായി മാറി. പുതിയ സ്കൂൾ വർഷത്തിന് മുന്നോടിയായി സ്കൂൾ ബാഗും പഠന സാമഗ്രികളും ക്രമീകരിച്ചുവെച്ച ശേഷമാണ് വലീദ് കളിക്കാനായി പുറത്തിറങ്ങിയത്.

വൈകുന്നേരം സ്പോർട്സ് യൂനിഫോം വാങ്ങാൻ പോകാനിരിക്കെയാണ് വിധി ദുരന്തത്തിന്‍റെ രൂപത്തിലെത്തിയത്. വീടിന് സമീപമുള്ള പാർക്കിൽ ജ്യേഷ്ഠനും കൂട്ടുകാർക്കുമൊപ്പം കളിക്കുന്നതിനിടയിലായിരുന്നു അപകടം.

കൂട്ടത്തിലൊരു കുട്ടി സമീപത്തെ വീടിന് പുറത്തുള്ള വാട്ടർ കൂളറിൽനിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. ഇത് തമാശയാണെന്ന് കരുതി സഹായിക്കാൻ ഓടിയെത്തിയ വലീദ് കൂളറിൽ തൊട്ടതോടെയാണ് ശക്തമായ ഷോക്കേറ്റത്.

ഒപ്പമുണ്ടായിരുന്ന ഒമ്പത് വയസ്സുകാരനായ ജ്യേഷ്ഠൻ അഹമ്മദിനു മറ്റേ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നേരിയ ഷോക്ക് അനുഭവപ്പെടുകയും ഉടൻ കൈ വലിക്കുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം വലീദ് കൂളറിലേക്ക് വീഴുകയായിരുന്നു.

ഭയന്നോടിയ ജ്യേഷ്ഠൻ വീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഓടിയെത്തുമ്പോൾ ബോധരഹിതനായി കിടക്കുകയായിരുന്ന കുട്ടിയെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്നേഹസമ്പന്നമായ പെരുമാറ്റം കൊണ്ട് അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയങ്കരനായിരുന്ന വലീദിന്‍റെ വേർപാടിൽ സ്കൂൾ അധികൃതരും കുട്ടികളും വലിയ ദുഃഖത്തിലാണ്. അപകടാവസ്ഥയിലുള്ളതും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതുമായ വൈദ്യുതോപകരണങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അധികൃതരും നാട്ടുകാരും ആശങ്ക പങ്കുവെക്കുന്നുണ്ട്.

**English Summary:**

Eight-year-old boy died after getting electrocuted from a water cooler near a park in Al Ain, UAE. Deceased is Waleed Khalid from an Arab expat family. He was waiting excitedly for new academic year, had arranged school bag and was to go buy sports uniform in evening. Accident happened while playing with elder brother Ahmed and friends. When another child fell after touching cooler while trying to drink water, Waleed rushed to help thinking it was fun and got strong shock. Brother Ahmed also felt mild shock. Relatives rushed him to hospital but could not save life.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380231/eight-year-old-electrocuted-water-cooler-al-ain-uae)