---
title: "ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം; ഇറാൻ മിസൈലാക്രമണം, സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ അവസാനിപ്പിച്ച് യുഎഇ"
english_title: "UAE Suspends All Trade With Iran After Ballistic Missile Attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379165/uae-suspends-trade-with-iran-ballistic-missile-attack"
published_at: "2026-08-19T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85580c89375_uae-suspends-trade-with-iran-ballistic-missile-attack.jpg"
keywords: ["UAE Iran Conflict", "Trade Ban", "Ballistic Missile", "Abu Dhabi"]
---

# ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം; ഇറാൻ മിസൈലാക്രമണം, സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ അവസാനിപ്പിച്ച് യുഎഇ

> **Lead Summary:** **അബുദാബി: **ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

## Article Content

**അബുദാബി: **ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ അവകാശവാദങ്ങൾ യുഎഇ തള്ളിക്കളയുന്നതായും അവർ വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പരസ്പര ചർച്ചകൾക്കും സഹകരണത്തിനുമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും അഫ്ര അൽ ഹാമേലി കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തലിൽ വ്യക്തമായി. മിസൈലുകളെ പ്രതിരോധിക്കുന്നതിനിടെ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ സജീവമായതോടെ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ഒരു മിസൈൽ യുഎഇയുടെ രാജ്യാതിർത്തിക്ക് പുറത്തും രണ്ടാമത്തേത് യുഎഇയുടെ സമുദ്ര അതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതോടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അടിയന്തര ജാഗ്രതാ നിർദ്ദേശം അധികൃതർ പിൻവലിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ അധികൃതർ അഭ്യർത്ഥിച്ചു.

**English Summary**

The UAE Ministry of Foreign Affairs has announced the suspension of all trade, financial, and economic activities with Iran until further notice. The decision follows Iran's launch of two ballistic missiles on Tuesday targeting maritime traffic. UAE Strategic Communications Director Afra Al Hameeli confirmed the move and rejected false claims about UAE-Iran economic ties. The UAE Defense Ministry said one missile landed outside UAE territory and the other inside UAE maritime borders. Air defense systems intercepted the threats and emergency sirens were activated briefly. Authorities urged the public not to panic and to rely only on official sources.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379165/uae-suspends-trade-with-iran-ballistic-missile-attack)