---
title: "വേനലവധിയിൽ ഓൺലൈൻ ഗെയിമിങ്: കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്"
english_title: "Dubai Police Warn Parents About Children’s Online Gaming Risks"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378588/dubai-police-warns-parents-online-gaming-children-safety"
published_at: "2026-08-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fdb56c1e3d_dubai-police-warns-parents-online-gaming-children-safety.jpg"
keywords: ["Dubai Police", "Online Gaming", "Child Safety", "Cybercrime"]
---

# വേനലവധിയിൽ ഓൺലൈൻ ഗെയിമിങ്: കുട്ടികളുടെ സുരക്ഷയിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്

> **Lead Summary:** ദുബായ്: വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിലും ഇലക്ട്രോണിക് ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്.

## Article Content

ദുബായ്: വേനലവധിക്കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകളിലും ഇലക്ട്രോണിക് ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്.

ഗെയിമുകൾക്കിടെ ലഭിക്കുന്ന ചില ലിങ്കുകൾ കുട്ടികളെ അപരിചിതരുമായി സംഭാഷണത്തിലേക്ക് എത്തിച്ചേക്കാമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ നിരീക്ഷിക്കണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമൻ റൈറ്റ്സിനു കീഴിലെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്‌ഷൻ വിഭാഗം മുന്നറിയിപ്പ് നൽകി.

‘നമ്മുടെ കുട്ടികളുടെ സുരക്ഷ ഈ വേനൽക്കാലത്ത്’ എന്ന ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായി പുറത്തിറക്കിയ സന്ദേശത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. വിനോദത്തിനായി ഉപയോഗിക്കുന്ന ഗെയിമിങ് ലിങ്കുകൾക്കു പിന്നിൽ പ്രതീക്ഷിക്കാത്ത അപകടങ്ങൾ ഒളിഞ്ഞിരിക്കാമെന്ന് വിഭാഗം ചൂണ്ടിക്കാട്ടി.

ചില ലിങ്കുകൾ അപരിചിതരുമായി നേരിട്ടോ ഓൺലൈനായോ ആശയവിനിമയം നടത്താനുള്ള അവസരങ്ങളിലേക്ക് കുട്ടികളെ നയിച്ചേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

കുട്ടികൾ എന്താണ് ബ്രൗസ് ചെയ്യുന്നതെന്നും ഗെയിമിനിടെ ഏതൊക്കെ ലിങ്കുകളാണ് തുറക്കുന്നതെന്നും രക്ഷിതാക്കൾ നിരന്തരം ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോൾ കുടുംബത്തിന്റെ മേൽനോട്ടം ഏറെ പ്രധാനമാണെന്നും പൊലീസ് പറഞ്ഞു.

ഗെയിമുകളുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന അപകടസാധ്യതകളും സൈബർ കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ അവർ സന്ദർശിക്കുന്ന ഉള്ളടക്കവും തുറക്കുന്ന ലിങ്കുകളും നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.

സുരക്ഷിതമല്ലാത്ത ഉള്ളടക്കത്തിൽനിന്നും അപരിചിതരുമായുള്ള ആശയവിനിമയത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിൽ രക്ഷിതാക്കളുടെ ഇടപെടൽ സഹായിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഗെയിമിങ് പ്ലാറ്റ്ഫോമുകളിലും ഉപകരണങ്ങളിലും ലഭ്യമായ സ്വകാര്യതാ ക്രമീകരണങ്ങളും രക്ഷാകർതൃ നിയന്ത്രണ സംവിധാനങ്ങളും സജീവമാക്കാനും പൊലീസ് നിർദേശിച്ചു.

കുട്ടികൾ ഉപയോഗിക്കുന്ന ഗെയിമുകളും പ്ലാറ്റ്ഫോമുകളും രക്ഷിതാക്കൾക്ക് പരിചിതമായിരിക്കണമെന്നും പൊലീസ് പറഞ്ഞു. ഗെയിമുകളിലെ സുഹൃത്തുക്കളുടെ പട്ടികയും ചാറ്റുകളും ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങളും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമോ ലിങ്കോ വ്യക്തിയിൽനിന്നുള്ള ബന്ധപ്പെടലോ ഉണ്ടായാൽ അത് മറച്ചുവയ്ക്കാതെ ഉടൻ രക്ഷിതാക്കളെയോ വിശ്വസ്തരായ മുതിർന്നവരെയോ അറിയിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും പൊലീസ് പറഞ്ഞു.

ഓൺലൈൻ ഗെയിമിങ്ങിനിടെ നേരിടുന്ന അസാധാരണമായ പെരുമാറ്റങ്ങളോ സംശയാസ്പദമായ ബന്ധപ്പെടലുകളോ ഗൗരവമായി കാണണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ ‘ഇ-ക്രൈം’ പ്ലാറ്റ്ഫോം വഴി പരാതി നൽകാം. കൂടാതെ 901 എന്ന നമ്പറിൽ വിളിച്ചും ദുബായ് പൊലീസ് ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പരാതികൾ സമർപ്പിക്കാമെന്നും പൊലീസ് അറിയിച്ചു.

വേനലവധിക്കാലത്ത് കുട്ടികൾ സുരക്ഷിതമായും ആശങ്കകളില്ലാതെയും സമയം ചെലവഴിക്കണമെങ്കിൽ ഗെയിമിങ് ശീലങ്ങൾക്കൊപ്പം അവരുടെ ഓൺലൈൻ ഇടപെടലുകളിലും രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണെന്ന സന്ദേശത്തോടെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയത്.

**English Summary: **

Dubai Police has warned parents to closely monitor children’s online gaming activities during the summer holidays. The Child and Women Protection Section under the General Directorate of Human Rights said some gaming links could expose children to communication with strangers and potential risks. Parents have been advised to monitor browsing activity, opened links, chats and friends lists, and activate privacy settings and parental controls on gaming platforms and devices. Children should be encouraged to immediately inform trusted adults about disturbing messages, links or contacts. Cybercrime related to online gaming can be reported through Dubai Police’s e-Crime platform, by calling 901, or through the Dubai Police app and website.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378588/dubai-police-warns-parents-online-gaming-children-safety)