---
title: "വീട്ടിൽ പറഞ്ഞിരുന്നോ ..? ദുബായിൽ ഹോട്ടലിൽ തങ്ങിയ 17-കാരിയുടെ അമ്മയ്ക്ക് പുലർച്ചെ പോലീസിന്റെ വിളി; കരുതലിന്റെ അനുഭവം പങ്കുവെച്ച് യാസ്മിൻ സെയ്ദോ"
english_title: "Dubai Police Call Mother of 17 Year Old Girl Staying in Hotel Late Night"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378526/dubai-police-call-mother-17-year-old-girl-hotel-stay"
published_at: "2026-08-14T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef13cde59e_dubai-police-call-mother-17-year-old-girl-hotel-stay.jpg"
keywords: ["Dubai Police", "Tourism Police Dubai", "Child Safety Dubai", "Dubai Tourism"]
---

# വീട്ടിൽ പറഞ്ഞിരുന്നോ ..? ദുബായിൽ ഹോട്ടലിൽ തങ്ങിയ 17-കാരിയുടെ അമ്മയ്ക്ക് പുലർച്ചെ പോലീസിന്റെ വിളി; കരുതലിന്റെ അനുഭവം പങ്കുവെച്ച് യാസ്മിൻ സെയ്ദോ

> **Lead Summary:** **ദുബായ്: **ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന 17 വയസ്സുകാരിയുടെ അമ്മയ്ക്ക് പുലർച്ചെ ഒരു മണിയോടെ ദുബായ് പൊലീസിന്റെ അപ്രതീക്ഷിത ഫോൺവിളി. മകൾ സുരക്ഷിതയാണെന്ന് ആദ്യം ഉറപ്പുനൽകിയ പൊലീസ്, പെൺകുട്ടി ഹോട്ടലിൽ താമസിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമോ എന്നും ഇതിനായി അനുമതി നൽകിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുമാണ് ഫോൺ വിളിച്ചത്. ദുബായ് പൊലീസിന്റെ ടൂറിസം പൊലീസ് വിഭാഗത്തിൽ നിന്നായിരുന്നു ഈ കോൾ എത്തിയത്.

## Article Content

**ദുബായ്: **ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന 17 വയസ്സുകാരിയുടെ അമ്മയ്ക്ക് പുലർച്ചെ ഒരു മണിയോടെ ദുബായ് പൊലീസിന്റെ അപ്രതീക്ഷിത ഫോൺവിളി. മകൾ സുരക്ഷിതയാണെന്ന് ആദ്യം ഉറപ്പുനൽകിയ പൊലീസ്, പെൺകുട്ടി ഹോട്ടലിൽ താമസിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമോ എന്നും ഇതിനായി അനുമതി നൽകിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുമാണ് ഫോൺ വിളിച്ചത്. ദുബായ് പൊലീസിന്റെ ടൂറിസം പൊലീസ് വിഭാഗത്തിൽ നിന്നായിരുന്നു ഈ കോൾ എത്തിയത്.

പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന സംഘത്തിലെ മറ്റുള്ളവർക്കെല്ലാം 18 വയസ്സ് തികഞ്ഞിരുന്നെങ്കിലും പെൺകുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. അതിനാലാണ് പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് മാതാവിന് അറിവും സമ്മതവുമുണ്ടെന്ന് പോലീസ് നേരിട്ട് വിളിച്ച് ഉറപ്പുവരുത്തിയത്.

അറബിക് റേഡിയോയിൽ ജോലി ചെയ്യുന്ന യാസ്മിൻ സെയ്ദോയാണ് ഈ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. പുലർച്ചെയുള്ള ഫോൺവിളി ആദ്യം മകൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയുണ്ടാക്കിയെങ്കിലും പോലീസ് സ്വീകരിച്ച മുൻകരുതൽ തന്നെ ഏറെ ആകർഷിച്ചുവെന്ന് യാസ്മിൻ വ്യക്തമാക്കി.

ചില കൗമാരക്കാർ സുഹൃത്തുക്കളുടെ വീട്ടിലാണെന്ന് മാതാപിതാക്കളോട് പറഞ്ഞ ശേഷം ഹോട്ടലുകളിലോ മറ്റിടങ്ങളിലോ കഴിയാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചതായി അവർ പറഞ്ഞു. കുട്ടികൾ എവിടെയാണ് താമസിക്കുന്നതെന്ന് മാതാപിതാക്കൾക്ക് അറിയാമെന്ന് ഉറപ്പാക്കുകയാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം സമ്മതിച്ചില്ലെന്നും, ഇത് തന്റെ ജോലിയുടെ ഭാഗമാണെന്നും വ്യക്തിപരമായ അംഗീകാരം ആവശ്യമില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി യാസ്മിൻ ഓർത്തെടുത്തു.

കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ടൂറിസം പോലീസ് വിഭാഗം ഒരു ടീമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുബായ് പൊലീസിനും ടൂറിസം പൊലീസിനും നന്ദി അറിയിച്ച യാസ്മിൻ, യുഎഇയിൽ കഴിയുമ്പോൾ മകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന വിശ്വാസം കൂടുതൽ ശക്തമായെന്നും കൂട്ടിച്ചേർത്തു.

കുട്ടികളുമായി യാത്ര ചെയ്യുന്നവർ അതത് രാജ്യങ്ങളിലെ ബാലസുരക്ഷാ നിയമങ്ങൾ മനസ്സിലാക്കണമെന്ന് ജൂലൈയിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ ഹോട്ടലുകളിലോ പൊതുസ്ഥലങ്ങളിലോ മേൽനോട്ടമില്ലാതെ വിടുന്നത് നിയമനടപടിക്ക് കാരണമാകാമെന്ന് ദുബായ് പൊലീസിന്റെ ചൈൽഡ് ആൻഡ് വിമൻ പ്രൊട്ടക്ഷൻ വിഭാഗം ഓർമിപ്പിച്ചു.

**English Summary:**

A mother in Dubai received a surprising late-night call at 1:00 AM from the Dubai Tourism Police regarding her 17-year-old daughter. The girl was celebrating a friend's birthday at a hotel with an 18-plus group. The police ensured the mother, Yasmin Seydou, was aware and had consented to her minor daughter's stay. Grateful for the proactive vigilance, Yasmin shared her positive experience online. Authorities emphasized that monitoring children's safety and understanding local child protection laws remain essential responsibilities for all parents.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378526/dubai-police-call-mother-17-year-old-girl-hotel-stay)