---
title: "പ്രവാസികൾക്ക് ആശ്വാസമാകുമോ? കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ വേണമെന്ന് വിദഗ്ധർ"
english_title: "Special Labor Accommodation Units Proposed For Expat Workers In Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378520/special-labor-accommodation-units-proposed-expat-workers-kuwait"
published_at: "2026-08-14T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7eebde3c29c_special-labor-accommodation-units-proposed-expat-workers-kuwait.jpg"
keywords: ["Expat Workers", "Gulf News", "Kuwait Labor Laws", "Expat Accommodation"]
---

# പ്രവാസികൾക്ക് ആശ്വാസമാകുമോ? കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ വേണമെന്ന് വിദഗ്ധർ

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക തൊഴിലാളി താമസകേന്ദ്രങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ച് വിദഗ്ധർ. ഈ കേന്ദ്രങ്ങളിൽ താമസ സൗകര്യങ്ങൾക്കൊപ്പം തന്നെ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിശമന സംവിധാനങ്ങളും ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർബന്ധമായും ഉറപ്പാക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക തൊഴിലാളി താമസകേന്ദ്രങ്ങൾ ഒരുക്കണമെന്ന് നിർദേശിച്ച് വിദഗ്ധർ. ഈ കേന്ദ്രങ്ങളിൽ താമസ സൗകര്യങ്ങൾക്കൊപ്പം തന്നെ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും അഗ്നിശമന സംവിധാനങ്ങളും ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർബന്ധമായും ഉറപ്പാക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം തൊഴിലാളികളുടെ താമസ-തൊഴിൽ വിവരങ്ങൾ ഒരു ഏകീകൃത ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിലൂടെ അനധികൃത താമസകേന്ദ്രങ്ങളും ആരോഗ്യ-സുരക്ഷാ നിയമലംഘനങ്ങളും വലിയ അളവിൽ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൊഴിലാളി താമസകേന്ദ്രങ്ങളുടെ വികസനത്തിലും അവയുടെ പ്രതിദിന നടത്തിപ്പിലും സ്വകാര്യ മേഖലയെക്കൂടി ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ഈ തൊഴിലാളി താമസകേന്ദ്രങ്ങളെ കേവലം താൽക്കാലിക സംവിധാനമായി കാണാതെ, രാജ്യത്തിന്റെ ദീർഘകാല വികസന-നിക്ഷേപ പദ്ധതിയായി പരിഗണിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

പ്രവാസികൾ, പ്രത്യേകിച്ച് മലയാളികൾ അടക്കമുള്ള ഏഷ്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ, ഹസാവി തുടങ്ങിയ ഭാഗങ്ങൾ ഒഴിപ്പിക്കണമെന്ന നിർദേശം വർഷങ്ങളായി അധികൃതരുടെ പരിഗണനയിലുണ്ട്. എന്നാൽ ഇത്രയും വലിയൊരു വിഭാഗത്തെ പകരം എവിടെ പാർപ്പിക്കുമെന്ന ചോദ്യമാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന പ്രതിസന്ധിയായി നിൽക്കുന്നത്.

ഹസാവിയിൽ അടുത്തിടെ നടന്ന ഒഴിപ്പിക്കൽ നടപടികൾ രാജ്യത്ത് ഏറെ ചർച്ചയായിരുന്നു. വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപമാണ് നിലവിൽ വിദേശികൾ തിങ്ങിപ്പാർക്കുന്ന ഈ ഇടങ്ങൾ സ്ഥിതി ചെയ്യുന്നത്. തൊഴിലാളികൾക്കായി പ്രത്യേക താമസ കേന്ദ്രങ്ങൾ സജ്ജമാക്കുകയാണെങ്കിൽ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

**English Summary:**

Experts in Kuwait have called for the establishment of dedicated labor accommodation centers for expatriate workers. They emphasized ensuring basic infrastructure alongside safety, health, and firefighting systems. Connecting labor residency and employment details to a unified database could reduce illegal accommodations and safety violations. Experts suggested involving the private sector in developing and managing these units and viewing them as long-term investment projects. The proposal comes as areas like Abbasiya and Hasawi face clearance plans, where finding alternative housing remains a challenge near strategic locations like the airport.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378520/special-labor-accommodation-units-proposed-expat-workers-kuwait)