---
title: "ആരാധനാലയം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി; കുവൈത്തിൽ ഐ.എസ് ബന്ധമുള്ള രണ്ട് കൗമാരക്കാർ അറസ്റ്റിൽ"
english_title: "Two Minors Arrested In Kuwait Over Alleged ISIS Links, Planned Attack On Place Of Worship"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378162/kuwait-two-minors-arrested-isis-links-worship-place-attack"
published_at: "2026-08-12T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c38293dc3b_kuwait-two-minors-arrested-isis-links-worship-place-attack.jpg"
keywords: ["Kuwait", "Arrest", "State Security", "Juvenile Prosecution", "Gulf News"]
---

# ആരാധനാലയം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി; കുവൈത്തിൽ ഐ.എസ് ബന്ധമുള്ള രണ്ട് കൗമാരക്കാർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ഐ.എസുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രായപൂർത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയ ഇവർ ഒരു ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണത്തിന് തയാറെടുക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ഐ.എസുമായി ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രായപൂർത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയ ഇവർ ഒരു ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണത്തിന് തയാറെടുക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

സ്റ്റേറ്റ് സെക്യൂരിറ്റി സർവിസിന്റെ നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ച് ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും നിയമവിരുദ്ധ ആശയങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൗമാരക്കാരെയും യുവാക്കളെയും വഴിതെറ്റിച്ച് തെറ്റായ ആശയങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും വ്യാപൃതരാക്കാൻ അന്തർദേശീയ തലത്തിൽ ഛിദ്രശക്തികൾ ബോധപൂർവ ശ്രമം നടത്തുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ സുരക്ഷയും നല്ല ഭാവിയും കരുതി എല്ലാവരും ജാഗ്രത പാലിക്കണമെന്നും സംശയ സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.കുവൈത്തിൽ സമീപ കാലത്ത് തീവ്രവാദ ബന്ധമുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും പ്രായവും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Two minors suspected of links to ISIS were arrested in Kuwait by the Ministry of Interior. Authorities said they had received training in making explosives and were planning an attack targeting a place of worship. The arrests followed surveillance by the State Security Service. The cases have been referred to juvenile prosecution. The ministry urged parents to monitor children's social media use and called for public vigilance against attempts to radicalize youth.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378162/kuwait-two-minors-arrested-isis-links-worship-place-attack)