---
title: "പിരിഞ്ഞാലും ഉത്തരവാദിത്തം മാറിയില്ല! വിവാഹമോചിതരായ ദമ്പതികൾ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണം; അബുദാബി കോടതി"
english_title: "Abu Dhabi Court Orders German Ex-Couple To Share Child Expenses Equally"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378133/abu-dhabi-court-orders-german-couple-share-child-expenses"
published_at: "2026-08-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c19546fe62_abu-dhabi-court-orders-german-couple-share-child-expenses.jpg"
keywords: ["Abu Dhabi Court", "Child Support", "German Civil Code", "Divorce"]
---

# പിരിഞ്ഞാലും ഉത്തരവാദിത്തം മാറിയില്ല! വിവാഹമോചിതരായ ദമ്പതികൾ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണം; അബുദാബി കോടതി

> **Lead Summary:** **അബുദാബി: **വിവാഹമോചിതരായ ദമ്പതികൾ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. വിവാഹമോചിതരായ ജർമ്മൻ ദമ്പതികളുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ അപൂർവ വിധി. മക്കളുടെ പ്രതിമാസ ചെലവ്, സ്കൂൾ ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, ചികിത്സ, യാത്രാച്ചെലവുകൾ എന്നിവ ദമ്പതികൾ തുല്യമായി നൽകണമെന്നാണ് കോടതിയുടെ നിർദേശം.

## Article Content

**അബുദാബി: **വിവാഹമോചിതരായ ദമ്പതികൾ മക്കളുടെ സംരക്ഷണ ചെലവ് തുല്യമായി പങ്കിടണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. വിവാഹമോചിതരായ ജർമ്മൻ ദമ്പതികളുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ അപൂർവ വിധി. മക്കളുടെ പ്രതിമാസ ചെലവ്, സ്കൂൾ ഫീസ്, ഹെൽത്ത് ഇൻഷുറൻസ്, ചികിത്സ, യാത്രാച്ചെലവുകൾ എന്നിവ ദമ്പതികൾ തുല്യമായി നൽകണമെന്നാണ് കോടതിയുടെ നിർദേശം.

പിതാവിന്റെ പ്രത്യേക അഭ്യർഥനയും സമർപ്പിച്ച രേഖകളും പരിഗണിച്ചാണ് ജർമ്മൻ നിയമത്തിലെ ജർമ്മൻ സിവിൽ കോഡിലെ വകുപ്പുകൾ പ്രകാരം കോടതി വിധി പ്രസ്താവിച്ചത്. കോടതി ഉത്തരവ് പ്രകാരം മൂത്ത മകൾക്ക് 5,000 ദിർഹവും ഇളയ മകൾക്ക് 4,000 ദിർഹവും പ്രതിമാസ ജീവനാംശമായി നിശ്ചയിച്ചു. ഇതിന്റെ പകുതി തുക വീതം പിതാവും മാതാവും നൽകണം.

ജർമ്മൻ സിവിൽ കോഡിലെ പ്രായാധിഷ്ഠിത വകുപ്പുകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ഈ നിർദേശം. കുട്ടികളുടെ സംരക്ഷണ ഉത്തരവാദിത്തം രണ്ടുപേർക്കും ഒരുപോലെയാണെന്നതും മക്കൾക്ക് സ്വന്തമായി വരുമാനമില്ലെന്നതും കണക്കിലെടുത്താണ് സാമ്പത്തിക ബാധ്യത രണ്ടുപേർക്കുമായി വീതിച്ചു നൽകിയത്.

അഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. വിദേശികൾക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ കുടുംബനിയമങ്ങൾ തെരഞ്ഞെടുക്കാൻ യുഎഇ വ്യക്തിനിയമം അനുവദിക്കുന്നുണ്ട്. ദമ്പതികൾ ഇരുവരും ദുബൈയിലാണ് താമസമെന്നും അതിനാൽ കേസ് പരിഗണിക്കാൻ അബുദാബി കോടതിക്ക് അധികാരമില്ലെന്നുമുള്ള മാതാവിന്റെ വാദം കോടതി തള്ളി. പിതാവിന് അബുദാബിയിൽ സാധുതയുള്ള റെസിഡൻസ് പെർമിറ്റ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് ഫയലിൽ സ്വീകരിച്ചത്.

**English Summary:**

An Abu Dhabi court has ordered a divorced German couple to equally share all expenses for their two daughters, including monthly costs, school fees, health insurance and travel. Citing the German Civil Code, the court fixed monthly support at 5,000 dirhams for the elder and 4,000 dirhams for the younger child, with each parent paying half. The court rejected the mother's objection on jurisdiction, noting the father holds a valid Abu Dhabi residence permit.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378133/abu-dhabi-court-orders-german-couple-share-child-expenses)