---
title: " പഴയ സിം കാർഡ് കെണിയായി ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ മലയാളി  പ്രവാസിക്ക് ജയിൽവാസവും നിയമകുരുക്കും "
english_title: "Oman: Expats SIM Card Negligence Leads to Jail in Insurance Fraud Case"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377992/oman-expats-sim-card-jail-insurance-fraud-case"
published_at: "2026-08-11T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7af78af0682_oman-expats-sim-card-jail-insurance-fraud-case.jpg"
keywords: ["Oman", "SIM Card", "Cyber Crime", "Insurance Fraud", "Legal Warning"]
---

#  പഴയ സിം കാർഡ് കെണിയായി ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ മലയാളി  പ്രവാസിക്ക് ജയിൽവാസവും നിയമകുരുക്കും 

> **Lead Summary:** **ഒമാൻ: **മൊബൈൽ സിം കാർഡ് ഉപയോഗിക്കുന്നതിൽ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കുമെന്നതിന്റെ ഉദാഹരണമായി ഒമാനിലെ മലയാളി പ്രവാസിയുടെ അനുഭവം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയും ഇബ്രയിൽ ബിസിനസ് നടത്തുന്നവരുമായ സാജു, തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന പഴയ സിം കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു. 20 വർഷത്തിലേറെയായി ഒമാനിൽ കുടുംബസമേതം താമസിക്കുന്ന സാജുവിനാണ് ഈ ദുരനുഭവം ഉണ്ടായത്.

## Article Content

**ഒമാൻ: **മൊബൈൽ സിം കാർഡ് ഉപയോഗിക്കുന്നതിൽ വരുത്തുന്ന ചെറിയ അശ്രദ്ധ പോലും ഗുരുതരമായ നിയമനടപടികളിലേക്ക് നയിക്കുമെന്നതിന്റെ ഉദാഹരണമായി ഒമാനിലെ മലയാളി പ്രവാസിയുടെ അനുഭവം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയും ഇബ്രയിൽ ബിസിനസ് നടത്തുന്നവരുമായ സാജു, തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന പഴയ സിം കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടർന്ന് ദിവസങ്ങളോളം കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു. 20 വർഷത്തിലേറെയായി ഒമാനിൽ കുടുംബസമേതം താമസിക്കുന്ന സാജുവിനാണ് ഈ ദുരനുഭവം ഉണ്ടായത്.

വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ഒരു സിം കാർഡ് സാജു നിർത്തലാക്കിയെങ്കിലും കമ്പനിയിൽ നിന്ന് പേര് റദ്ദാക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയിരുന്നില്ല. പിന്നീട് അതേ നമ്പർ മറ്റൊരാൾക്ക് നൽകിയ കമ്പനി, ആ നമ്പർ ഉപയോഗിച്ച് ഇൻഷുറൻസിന്റെ പേരിൽ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പലരിൽ നിന്നും പണം ശേഖരിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന്റെ കണ്ടെത്തൽ.

ഇരകളിൽ ഒരാൾ ഇബ്രയിലെ റോയൽ ഒമാൻ പൊലീസിന് പരാതി നൽകി. അന്വേഷണത്തിൽ സിം കാർഡ് സാജുവിന്റെ പേരിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും പിന്നീട് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, പിന്നീട് ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമാന പരാതികൾ ലഭിച്ചതോടെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.

> "താൻ നേരിട്ട് ബന്ധപ്പെടാത്ത ഒരു വിഷയത്തിന്റെ പേരിൽ ദിവസങ്ങളോളം കസ്റ്റഡിയിലും ജയിലിലും കഴിയേണ്ടി വന്നു" എന്നാണ് സാജു പറയുന്നത്. നീണ്ട നിയമനടപടികൾ സാജുവിന്റെയും കുടുംബത്തിന്റെയും സാമ്പത്തികവും മാനസികവുമായ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു.

ഈ ഘട്ടത്തിൽ സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ വിഷയത്തിൽ ഇടപെട്ടു. ബന്ധപ്പെട്ടവരുമായും അധികാരികളുമായും ആശയവിനിമയം നടത്തി നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും പ്രക്രിയ വേഗത്തിലാക്കുന്നതിനും ശ്രമിച്ചു. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷമാണ് സാജുവിന് മോചനം ലഭിച്ചത്. ഒന്നിനുപിറകെ ഒന്നായി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട സമയത്ത് സമയബന്ധിതമായ ഇടപെടൽ മോചനത്തിന് സഹായകമായി എന്ന് സാജുവിന്റെ കുടുംബം ചൂണ്ടിക്കാട്ടി.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കിടയിൽ സിം കാർഡ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവൽക്കരണം ആവശ്യമാണെന്ന് അഭിപ്രായമുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോഴും പഴയത് ഉപയോഗം നിർത്തുമ്പോഴും കമ്പനിയുമായി ബന്ധപ്പെട്ട് പേരിലുള്ള രജിസ്ട്രേഷൻ നിർബന്ധമായും റദ്ദാക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സിം കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പ് ഉപയോഗിക്കുന്ന വ്യക്തിയുടെ വിവരങ്ങളും ഉദ്ദേശവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്.

> "സിം കാർഡുമായി ബന്ധപ്പെട്ട ചെറിയ അശ്രദ്ധ പോലും പിന്നീട് വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാതെ ബന്ധപ്പെട്ട അധികാരികളുമായി കൃത്യമായി ആശയവിനിമയം നടത്തുകയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണം" എന്ന് സാജുവിന്റെ മോചനത്തിനായി പ്രവർത്തിച്ച ഡോ. സജി ഉതുപ്പാൻ പറഞ്ഞു. സൈബർ ക്രൈം ഉൾപ്പെടെയുള്ള അന്വേഷണങ്ങളിൽ മൊബൈൽ നമ്പറും രജിസ്ട്രേഷൻ വിവരങ്ങളും നിർണായക തെളിവാകാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് അധികാരികൾ നൽകുന്ന നിർദേശം.

**English Summary:**

An expatriate from Pathanamthitta, Saju, who runs a business in Ibra, Oman, faced jail time after his old SIM card, still registered in his name, was used by another person for an insurance fraud. Police found the SIM registered to Saju and detained him following complaints. After days in custody and jail, he was released following intervention by social worker Dr. Saji Uthuppan. The incident highlights the legal responsibility of SIM card ownership and urges expats to formally cancel registrations to avoid legal trouble.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377992/oman-expats-sim-card-jail-insurance-fraud-case)