---
title: "ഇനി എളുപ്പം പണിതീരും...! അബൂദബി-ദുബൈ പാർക്കിങ് സംയോജനം: ഒരു ആപ്പിലൂടെ രണ്ട് എമിറേറ്റിലും പാർക്കിങ് ഫീസ് അടക്കാം"
english_title: "UAE Abu Dhabi Dubai Parking Services Integrated Under Single Digital Platform"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377893/uae-abu-dhabi-dubai-parking-services-integrated-single-app"
published_at: "2026-08-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aa0c8472ba_uae-abu-dhabi-dubai-parking-services-integrated-single-app.jpg"
keywords: ["Abu Dhabi", "Q Mobility", "Parking", "Digital Platform", "Smart Mobility", "Mawaqif"]
---

# ഇനി എളുപ്പം പണിതീരും...! അബൂദബി-ദുബൈ പാർക്കിങ് സംയോജനം: ഒരു ആപ്പിലൂടെ രണ്ട് എമിറേറ്റിലും പാർക്കിങ് ഫീസ് അടക്കാം

> **Lead Summary:** **അബൂദബി/ദുബൈ: ** അബൂദബിയിലെയും ദുബൈയിലെയും പാർക്കിങ് സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്. ഇരുനഗരങ്ങളിലെയും പാർക്കിങ് ഫീസ് അടക്കലും സേവനങ്ങളും സംയോജിപ്പിക്കാനുള്ള ചരിത്രപരമായ ധാരണാപത്രത്തിൽ Q മൊബിലിറ്റിയും പാർക്കിനും ഒപ്പുവച്ചു.

## Article Content

**അബൂദബി/ദുബൈ: ** അബൂദബിയിലെയും ദുബൈയിലെയും പാർക്കിങ് സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക്. ഇരുനഗരങ്ങളിലെയും പാർക്കിങ് ഫീസ് അടക്കലും സേവനങ്ങളും സംയോജിപ്പിക്കാനുള്ള ചരിത്രപരമായ ധാരണാപത്രത്തിൽ Q മൊബിലിറ്റിയും പാർക്കിനും ഒപ്പുവച്ചു.

അബൂദബിയിലെ പാർക്കിങ് സേവനങ്ങൾ നിയന്ത്രിക്കുന്ന Q മൊബിലിറ്റിയും ദുബൈയിലെ പൊതു പാർക്കിങ് ഏജൻസിയായ പാർക്കിനുമാണ് കരാറിൽ ഒപ്പിട്ടത്. ഇതോടെ ഇരു എമിറേറ്റുകളിലെയും വാഹന ഉടമകൾക്ക് ഒരു ഏകീകൃത ആപ്പ് വഴി തന്നെ പാർക്കിങ് കണ്ടെത്താനും ഫീസ് അടക്കാനും സാധിക്കും.

നിലവിൽ അബൂദബിയിലെ മവാഖിഫ്, ദർബ് സംവിധാനങ്ങൾ Q മൊബിലിറ്റിയുടെ കീഴിലും ദുബൈയിലെ 2 ലക്ഷത്തിലധികം വരുന്ന പൊതു പാർക്കിങ് കേന്ദ്രങ്ങൾ പാർക്കിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത്. സംയോജിത സംവിധാനത്തിന്റെ ആദ്യഘട്ടമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ചുള്ള പൈലറ്റ് പദ്ധതികൾ നടപ്പിലാക്കും.

പാർക്കിങ് സ്ഥലങ്ങളുടെ തത്സമയ ലഭ്യത, ഡിമാൻഡ് മുൻകൂട്ടി അറിയൽ, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി ഉപയോഗം എന്നിവയാണ് ഇതിന്റെ ലക്ഷ്യം.യുഎഇയിലെ ഡാറ്റാ സംരക്ഷണ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ഇരു കമ്പനികളും സാങ്കേതിക വിവരങ്ങളും ഡാറ്റകളും പങ്കുവയ്ക്കുക.

> ഡിജിറ്റൽ സംയോജനത്തിനുള്ള സംയുക്ത റോഡ്മാപ്പ് തയാറായിക്കൊണ്ടിരിക്കുകയാണ്. അതുവരെ നിലവിലെ രീതിയിൽ തന്നെ വാഹന ഉടമകൾക്ക് സേവനം ലഭ്യമാകും. ഏകീകൃത ആപ്പിന്റെ ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കും. "അബൂദബിക്കും ദുബൈക്കും ഇടയിൽ കൂടുതൽ സുഗമവും സ്മാർട്ടുമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ പങ്കാളിത്തം" എന്ന് Q മൊബിലിറ്റി സിഇഒ മുഹമ്മദ് ഹുസൈൻ കർമസ്താജി പറഞ്ഞു.

> "രാജ്യത്തെ പാർക്കിങ് മേഖലയെ കൂടുതൽ നവീനവും സുസ്ഥിരവുമാക്കാൻ ഈ കരാർ സഹായിക്കും" എന്ന് പാർക്കിൻ സിഇഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ അലിയും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377893/uae-abu-dhabi-dubai-parking-services-integrated-single-app)