---
title: "റിയാദിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തം; നിരവധി ബംഗ്ലാദേശ് തൊഴിലാളികൾ മരിച്ചതായി എംബസി സ്ഥിരീകരിച്ചു"
english_title: "Riyadh Factory Fire Kills Several Bangladeshi Workers; Embassy Launches Support"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377819/riyadh-factory-fire-bangladeshi-workers-killed-embassy"
published_at: "2026-08-10T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79c59509967_riyadh-factory-fire-bangladeshi-workers-killed-embassy.jpg"
keywords: ["Riyadh Fire", "Saudi Arabia", "Bangladeshi Workers", "Factory Accident"]
---

# റിയാദിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തം; നിരവധി ബംഗ്ലാദേശ് തൊഴിലാളികൾ മരിച്ചതായി എംബസി സ്ഥിരീകരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. സംഭവത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. സംഭവത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് ദാരുണമായ അപകടമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ നിർമാണശാലയ്ക്കുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. എങ്കിലും, മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഫാക്ടറിയുടെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ പ്രധാന വാതിലുകൾ അടഞ്ഞുപോയതോടെ അകത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പുറത്തുകടക്കാൻ സാധിക്കാതെ വരികയായിരുന്നു. സോഫ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന അതിവേഗം കത്തുന്ന വസ്തുക്കളിലേക്ക് തീ പടർന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

അപകടവിവരം ലഭിച്ചയുടൻ ബംഗ്ലാദേശ് എംബസി പ്രതിനിധി സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാവിധ സഹായങ്ങളും എംബസിയുടെ നേതൃത്വത്തിൽ ഉറപ്പാക്കിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377819/riyadh-factory-fire-bangladeshi-workers-killed-embassy)