---
title: "സൗദി അറേബ്യയിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം; അപകടസ്ഥലത്ത് മലയാളികളുടെ ഓഫീസുകളും പ്രവർത്തിക്കുന്നു"
english_title: "Fire Breaks Out In 30 Storey Commercial Tower In Dammam Al Amamra, No Casualties Reported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377578/dammam-al-amamra-commercial-building-fire-saudi-arabia"
published_at: "2026-08-09T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780e23887c9_dammam-al-amamra-commercial-building-fire-saudi-arabia.jpg"
keywords: ["Fire Accident", "Saudi Arabia Fire", "Civil Defense", "Saudi Arabia"]
---

# സൗദി അറേബ്യയിൽ ബഹുനില വാണിജ്യ കെട്ടിട സമുച്ചയത്തിൽ വൻ തീപിടിത്തം; അപകടസ്ഥലത്ത് മലയാളികളുടെ ഓഫീസുകളും പ്രവർത്തിക്കുന്നു

> **Lead Summary:** റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ സിരാകേന്ദ്രമായ ദമ്മാം അൽ അമാമ്ര ഏരിയയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം. നഗര ഹൃദയഭാഗത്ത് മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന 30-ഓളം നിലകളുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്.

## Article Content

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ സിരാകേന്ദ്രമായ ദമ്മാം അൽ അമാമ്ര ഏരിയയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ വാണിജ്യ സമുച്ചയത്തിൽ തീപിടിത്തം. നഗര ഹൃദയഭാഗത്ത് മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന 30-ഓളം നിലകളുള്ള കെട്ടിടത്തിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്.

ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി വരികയാണ്.

വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകളും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു.നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവർ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായി സിവിൽ ഡിഫൻസ് സംഘം തിരച്ചിൽ നടത്തുന്നുണ്ട്. അപകടസ്ഥലത്ത് സിവിൽ ഡിഫൻസിന്റെ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ ഏകോപനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ദമ്മാം നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് അൽ അമാമ്ര. ഈ കെട്ടിടത്തിൽ മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് അവർക്കുണ്ടായ നഷ്ടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.

സംഭവത്തിൽ പരിക്കേറ്റവരായി ഇതുവരെ വിവരമില്ല. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377578/dammam-al-amamra-commercial-building-fire-saudi-arabia)