---
title: "യുഎഇ എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ"
english_title: "Saudi Arabia Condemns Missile Attack On ADNOC Oil Tanker In Strait Of Hormuz"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377526/saudi-uae-condemn-adnoc-tanker-missile-attack-hormuz-iran"
published_at: "2026-08-08T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7755178e43f_saudi-uae-condemn-adnoc-tanker-missile-attack-hormuz-iran.jpg"
keywords: ["Iran Missile Attack", "Saudi Arabia", "UAE", "Hormuz Strait", "Oil Tanker"]
---

# യുഎഇ എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ

> **Lead Summary:** ജിദ്ദ: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സമുദ്ര സഞ്ചാരത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊര്‍ജ വിതരണ ശൃംഖലയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണ് ഇത്തരം ആക്രമണങ്ങളെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

## Article Content

ജിദ്ദ: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ (അഡ്‌നോക്) എണ്ണ ടാങ്കറിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സമുദ്ര സഞ്ചാരത്തിന്റെ സുരക്ഷയ്ക്കും ആഗോള ഊര്‍ജ വിതരണ ശൃംഖലയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണ് ഇത്തരം ആക്രമണങ്ങളെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

സമുദ്രപാതകളിലൂടെയുള്ള സുരക്ഷിത സഞ്ചാരം ഉറപ്പുനല്‍കുന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2817-ാം പ്രമേയമുള്‍പ്പെടെയുള്ള രാജ്യാന്തര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന ഇത്തരം ആക്രമണങ്ങളെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായുള്ള ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനാണെന്ന് വ്യക്തമാക്കിയ സൗദി അറേബ്യ, പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. യുഎഇയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് അഡ്നോക്കിന്റെ എണ്ണക്കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവില്‍ സാഹചര്യം പൂര്‍ണ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും യുഎഇ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വാണിജ്യ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതിനെതിരെ കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയതുമായ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ 2817-ാം പ്രമേയത്തിന്റെ നഗ്‌നമായ ലംഘനമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി.

മിഡില്‍ ഈസ്റ്റ് സംഘര്‍ഷം രൂക്ഷമായതിനുശേഷം അഡ്‌നോക് കമ്പനിയുടെ പതിനഞ്ച് കപ്പലുകളാണ് സമാനമായ രീതിയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഇരയായത്. ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ഇതിന്റെ ഫലമായി ഇതുവരെ ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള വെല്ലുവിളികള്‍ക്കിടയിലും തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377526/saudi-uae-condemn-adnoc-tanker-missile-attack-hormuz-iran)