---
title: "ഗ്ലോബൽ ഗെയിമിങ് രംഗത്ത് സൗദിയുടെ വൻ കുതിപ്പ്; ലോകപ്രശസ്ത ഗെയിമിങ് കമ്പനിയായ 'ഇ.എ' സ്വന്തമാക്കി സൗദി"
english_title: "Saudi Arabia Led Consortium Acquires EA Electronic Arts Takes Company Private"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377479/saudi-consortium-acquires-ea-electronic-arts-pif-silver-lake"
published_at: "2026-08-08T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7708f06d27d_saudi-consortium-acquires-ea-electronic-arts-pif-silver-lake.jpg"
keywords: ["EA", "Electronic Arts", "Saudi PIF", "Silver Lake", "Jared Kushner", "Gaming Industry"]
---

# ഗ്ലോബൽ ഗെയിമിങ് രംഗത്ത് സൗദിയുടെ വൻ കുതിപ്പ്; ലോകപ്രശസ്ത ഗെയിമിങ് കമ്പനിയായ 'ഇ.എ' സ്വന്തമാക്കി സൗദി

> **Lead Summary:** **റിയാദ്: ** ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ഇലക്ട്രോണിക് ആർട്സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റ്‌മെന്റ് കൂട്ടായ്മ. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് , അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്, മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്‌നറുടെ അഫിനിറ്റി പാർട്‌നേഴ്‌സ് എന്നിവർ സംയുക്തമായാണ് കമ്പനിയെ ഏറ്റെടുത്തത്.

## Article Content

**റിയാദ്: ** ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ഇലക്ട്രോണിക് ആർട്സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റ്‌മെന്റ് കൂട്ടായ്മ. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് , അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക്, മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്‌നറുടെ അഫിനിറ്റി പാർട്‌നേഴ്‌സ് എന്നിവർ സംയുക്തമായാണ് കമ്പനിയെ ഏറ്റെടുത്തത്.

ഈ ചരിത്രപരമായ ഏറ്റെടുക്കലോടെ ഇ.എ (EA) പൊതുഓഹരി വിപണിയിൽ നിന്ന് പുറത്തുപോവുകയും പൂർണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുകയും ചെയ്തു. 'ദി സിംസ്', 'മാസ് ഇഫക്റ്റ്' തുടങ്ങിയ വൻ ജനപ്രീതിയുള്ള ഗെയിമുകളുടെ നിർമ്മാതാക്കളായ ഇ.എ, നേരത്തെ 'ഫിഫ' (FIFA) വീഡിയോ ഗെയിം പരമ്പരയിലൂടെയാണ് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധനേടിയത്.

**93.4% ഓഹരിയും സൗദിക്ക്; വൻ സാമ്പത്തിക നീക്കം**

ഏറ്റെടുക്കലിൽ സിംഹഭാഗവും സൗദിയുടെ അക്കൗണ്ടിലാണ്. 93.4 ശതമാനം ഓഹരി പങ്കാളിത്തമാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനുള്ളത്. സിൽവർ ലേക്ക് 5.5 ശതമാനവും, അഫിനിറ്റി പാർട്‌നേഴ്‌സ് 1.1 ശതമാനവും നിക്ഷേപം നടത്തി. ഗെയിമിങ്, ഇ-സ്‌പോർട്സ് മേഖലകളിൽ ഇതിനോടകം തന്നെ 36 ബില്യൺ ഡോളറിന്റെ നിക്ഷേപം സൗദി പി.ഐ.എഫ് നടത്തിക്കഴിഞ്ഞു. ഈ വൻ ഇടപാടിന്റെ ബാക്കി തുകയ്ക്കായി ജെ.പി മോർഗൻ ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളിൽ നിന്ന് 20 ബില്യൺ ഡോളർ വായ്പയായും ലഭ്യമാക്കും.

**ആഗോള സാംസ്‌കാരിക സ്വാധീനം ലക്ഷ്യം**

വെറുമൊരു സാമ്പത്തിക നേട്ടത്തിനപ്പുറം, ആഗോളതലത്തിൽ സൗദി അറേബ്യയുടെ സാംസ്‌കാരിക സ്വാധീനം ഉറപ്പിക്കാനും ഇ-സ്‌പോർട്സ്, പ്രൊഫഷണൽ ഫുട്‌ബോൾ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനും ഈ നീക്കം സൗദിയെ സഹായിക്കും.

മൈക്രോസോഫ്റ്റ് 'ആക്ടിവിഷൻ ബ്ലിസാർഡിനെ' സ്വന്തമാക്കിയതിന് ശേഷം ഗെയിമിങ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377479/saudi-consortium-acquires-ea-electronic-arts-pif-silver-lake)