---
title: "സൂര്യൻ തീ തുപ്പുന്നു; അബുദാബിയിൽ 51.2 ഡിഗ്രി സെൽഷ്യസ് ചൂട്, റെക്കോർഡ് താപനിലയിൽ വെന്തുരുകി യുഎഇ"
english_title: "UAE Records Highest Temperature of the Year at 51.2 Degrees Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376980/uae-records-highest-temperature-51-degrees-2026"
published_at: "2026-08-06T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742b0cacd96_uae-records-highest-temperature-51-degrees-2026.jpg"
keywords: ["UAE weather", "National Center of Meteorology", "highest temperature", "Abu Dhabi heat wave"]
---

# സൂര്യൻ തീ തുപ്പുന്നു; അബുദാബിയിൽ 51.2 ഡിഗ്രി സെൽഷ്യസ് ചൂട്, റെക്കോർഡ് താപനിലയിൽ വെന്തുരുകി യുഎഇ

> **Lead Summary:** **അബുദാബി: **രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഔദ്യോഗികമായി സ്ഥിരീകരിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബുദു ദഫ്സിൽ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്.

## Article Content

**അബുദാബി: **രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 51.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ഔദ്യോഗികമായി സ്ഥിരീകരിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ബുദു ദഫ്സിൽ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്.

കടുത്ത ഉഷ്ണതരംഗത്തിൽ വറുതിയിലായിരിക്കുകയാണ് യുഎഇയുടെ പല പ്രദേശങ്ങളും. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് കൊടുംചൂട് അനുഭവപ്പെട്ടിരുന്നു. അൽ ദഫ്രയിലെ തന്നെ ഔതൈദിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ഓടെ 50.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഈ മാസം ഒന്നിന് അബുദാബിയിലെ ഷവാമിഖ് മേഖലയിലും താപനില 50 ഡിഗ്രി കടന്നിരുന്നു.

അതേസമയം, കടുത്ത ചൂടിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും തുടരുന്നുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഫുജൈറയുടെ ചില മേഖലകളിൽ ശക്തമായ മഴ പെയ്തു. യുഎഇയിലെ വേനൽക്കാലത്തിന്റെ അവസാന ഘട്ടമായ 'ജംറത് അൽ ഖൈത്ത്' ഉഷ്ണതരംഗം ഈ മാസം 10 വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

ഈ പ്രതിഭാസം അവസാനിക്കുന്നതോടെ രാജ്യത്ത് ചൂടിന് ശമനം ലഭിക്കുമെന്നും താപനില ക്രമേണ കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നാളെയും രാജ്യത്തെ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ശക്തമായ സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376980/uae-records-highest-temperature-51-degrees-2026)