---
title: "വ്യാജ ടെലിമാർക്കറ്റിങ് കോളുകൾക്ക് യുഎഇയിൽ കനത്ത നടപടി; ചുമത്തിയത് 1.9 കോടി ദിർഹം പിഴ"
english_title: "UAE TDRA Crackdown Illegal Telemarketing Calls Fines-NEW"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/376930/uae-tdra-illegal-telemarketing-fine-crackdown-NEW"
published_at: "2026-08-06T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740c6d0023f_uae-tdra-illegal-telemarketing-fine-crackdown.jpg"
keywords: ["PHONE", "SCAMS", "FINES", "UAE", "RULES"]
---

# വ്യാജ ടെലിമാർക്കറ്റിങ് കോളുകൾക്ക് യുഎഇയിൽ കനത്ത നടപടി; ചുമത്തിയത് 1.9 കോടി ദിർഹം പിഴ

> **Lead Summary:** **അബൂദബി:[**യു.എ.ഇയിൽ നിയമവിരുദ്ധമായി വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് ടെലിമാർക്കറ്റിങ് നടത്തുന്നവർക്കെതിരെ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നടപടികൾ കൂടുതൽ കർശനമാക്കി.

## Article Content

**അബൂദബി:[**യു.എ.ഇയിൽ നിയമവിരുദ്ധമായി വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് ടെലിമാർക്കറ്റിങ് നടത്തുന്നവർക്കെതിരെ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നടപടികൾ കൂടുതൽ കർശനമാക്കി.

2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3,301 നിയമലംഘനങ്ങൾ കണ്ടെത്തുകയും ആകെ 1.9 കോടിയിലധികം ദിർഹം പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തിൽ 92,748 ഫോൺ നമ്പറുകൾ നിരീക്ഷിക്കുകയും, നിയമം ലംഘിച്ച ടെലിമാർക്കറ്റർമാരുടെ 9,433 ഫോൺ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തു.

 വ്യക്തിഗത മൊബൈൽ നമ്പറുകൾ ബിസിനസ് ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല. ആദ്യ ലംഘനത്തിന് 5,000 ദിർഹം പിഴയും പിഴത്തുക അടച്ചുതീർക്കുന്നത് വരെ പേരിലുള്ള എല്ലാ ഫോൺ നമ്പറുകളും സസ്പെൻഡ് ചെയ്യും.

കുറ്റം ആവർത്തിച്ചാൽ 50,000 ദിർഹം വരെ പിഴയും ഒരു വർഷത്തേക്ക് ടെലികോം സേവനങ്ങൾക്ക് വിലക്കും നേരിടേണ്ടി വരും.  ലൈസൻസുള്ള മാർക്കറ്റിങ് കമ്പനികൾ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ കോളുകൾ ചെയ്യാൻ പാടുള്ളൂ.

ഉപഭോക്താക്കൾ താൽപര്യമില്ലെന്ന് അറിയിച്ചാൽ പിന്നീട് വിളിക്കാൻ പാടില്ല. ലംഘിച്ചാൽ 1.5 ലക്ഷം ദിർഹം വരെ പിഴയും ലൈസൻസ് റദ്ദാക്കലും ലഭിക്കാം. മാർക്കറ്റിങ് കോളുകൾ ഒഴിവാക്കാൻ 'ഡൂ നോട്ട് കോൾ രജിസ്റ്റർ' ഡി.എൻ.സി.ആർ സേവനം ഉപയോഗിക്കാം.

ഡി.എൻ.സി.ആർ എന്ന് ടൈപ്പ് ചെയ്ത് 2211 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ ഇത്തരം കോളുകൾ തടയാം. അനാവശ്യ കോളുകൾ ലഭിക്കുകയാണെങ്കിൽ ആ നമ്പർ 2211 ലേക്ക് അയച്ച് പരാതിപ്പെടാനും സൗകര്യമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/376930/uae-tdra-illegal-telemarketing-fine-crackdown-NEW)